വാഷിംഗ്ടണ് ഡിസി: അമേരിക്കയിൽ മലയാളി പെണ്കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യൂ (19) ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 8.30ന് അലബാമ മോണ്ട്ഗോമറിയിലായിരുന്നു സംഭവം.
വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു പെൺകുട്ടി. വീടിന്റെ മുകളിലെ നിലയിൽ താമസിച്ചിരുന്ന ആളിന്റെ തോക്കിൽനിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച് സുസന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളിപ്പറന്പിൽ ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ്. നാല് മാസം മുൻപാണ് ഇവർ ഗൾഫിൽനിന്നും അമേരിക്കയിലെത്തിയത്. സൂസന് രണ്ട് സഹോദരങ്ങൾ കൂടി ഉണ്ട്.
നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്. മസ്ക്കറ്റ് സെന്റ് ഓർത്തോഡോക്സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ് ഭദ്രാസന മെത്രാപ്പോലീത്താ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പോലിസ് അധികാരികളിൽ നിന്ന് മൃതദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.
രണ്ടു മാസത്തിനുള്ളിൽ അമേരിക്കയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഇന്ത്യൻ സ്വദേശിയാണ് മറിയം. ഈ മാസം ആദ്യം ഡാളസിൽ മലയാളിയായ സാജൻ മാത്യു (56)വും വെടിയേറ്റു മരിച്ചിരുന്നു. ബ്യൂട്ടി സ്റ്റോർ നടത്തുകയായിരുന്ന സാജനെ കടയിലെത്തിയ മോഷ്ടാവാണ് വെടിവച്ചത്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായിരുന്നു സാജൻ എന്ന ഷാജി.