സാൾട്ടില്ലൊ (മിസിസിപ്പി): കാർ പുള്ളോവർ ചെയ്യണമെന്നു പോലീസിന്റെ നിർദേശം ലഭിച്ചാൽ അല്പമൊന്നു ഭയപ്പെടാത്തവർ ആരും ഇല്ല. താങ്ക്സ് ഗിവിംഗ് ആഴ്ചയിൽ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനു പോലീസ് സർവസന്നാഹങ്ങളുമായി റോഡരികിൽ കാത്തു കിടക്കുക സാധാരണമാണ്.
കഴിഞ്ഞദിവസം മിസിസിപ്പിയിൽ വിവിധ ഭാഗങ്ങളിൽ കാത്തു കിടന്നിരുന്ന പോലീസുകാർ വാഹനം കൈകാട്ടി നിർത്തിയതിനുശേഷം കാറിന്റെ ഗ്ലാസ് താഴ്ത്താനാവശ്യപ്പെട്ടത് ടിക്കറ്റ് നൽകുന്നതിനുള്ള നടപടി ക്രമങ്ങൾക്കായിരുന്നില്ല. പോലീസുകാരുടെ കൈവശം ഉണ്ടായിരുന്നത് ഓരോ ടർക്കിയായിരുന്നു. കൈ കാണിച്ചു നിർത്തിയ വാഹനങ്ങളിലെ ഡ്രൈവർമാർക്കെല്ലാവർക്കും ടർക്കി നൽകി സന്തോഷിപ്പിച്ചാണ് യാത്രയാക്കിയത്. ഗിവിംഗ് 2017 എന്ന പേരിൽ ലോക്കൽ വ്യവസായികളും അഭ്യുദയകാംഷികളുമാണ് ഇതിനാവശ്യമായ ഡൊണേഷൻ നൽകിയത്.
ഒഴിവു ദിനങ്ങളിൽ കമ്യൂണിറ്റിക്ക് എന്തെങ്കിലും തിരിച്ചു നൽകുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്ന് പോലീസ് ഓഫീസേഴ്സ് പറഞ്ഞു. പോലീസും ജനങ്ങളും തമ്മിലുള്ള ഐക്യം ഉൗട്ടി ഉറപ്പിക്കുന്നതിന് എല്ലാവർഷവും ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ