വാഷിംഗ്ടൺ: അടുത്തവർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി. കോളറാഡോ സുപ്രീം കോടതിയാണ് ട്രംപിനെ അയോഗ്യനാക്കി ഉത്തരവിറക്കിയത്.
2021 ജനുവരി ആറിലെ കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി. പ്രതിഭാഗത്തിന് അപ്പീൽ പോകാനായി ജനുവരി നാലു വരെ വിധി സ്റ്റേ ചെയ്തിട്ടുണ്ട്.
ജനാധിപത്യവിരുദ്ധം എന്നാണ് കോടതി വിധിയോട് ട്രംപ് പ്രതികരിച്ചത്. “കൊളറാഡോ സുപ്രീം കോടതി തികച്ചും തെറ്റായ തീരുമാനമാണ് പുറപ്പെടുവിച്ചതെന്നും വിധിക്കെതിരേ യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ വിധിയോട് പ്രതികരിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ വിസമ്മതിച്ചു.
ക്യാപിറ്റോളിൽ നടന്ന കലാപം ട്രംപിനെ അയോഗ്യനാക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നായിരുന്നു ട്രംപിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.
ബാലറ്റിൽനിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകൾ അച്ചടിക്കേണ്ട അവസാന തിയതി ജനുവരി അഞ്ച് ആണ്.