ന്യൂഡൽഹി: ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിക്കുന്ന അമേരിക്കയ്ക്കു നേരേ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഇന്ത്യ. അമേരിക്കയിൽനിന്നുള്ള കുറേ സാധനങ്ങൾക്ക് ഇക്കുമതിച്ചുങ്കം കൂട്ടും.
ഇന്ത്യയിൽ നിന്നുള്ള രണ്ടായിരത്തോളം ഇനം സാധനങ്ങൾ കുറഞ്ഞ ചുങ്കം ചുമത്തിയിരുന്നതാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർത്തലാക്കുന്നത്. 560 കോടി ഡോളറിന്റെ കയറ്റുമതിയിൽ 19 കോടി ഡോളറിന്റെ നികുതിക്കിഴിവാണ് ഇല്ലാതാക്കുക. അമേരിക്കയിൽനിന്നുള്ള 29 കോടി ഡോളറിന്റെ ഇറക്കുമതിക്ക് ചുങ്കം കൂട്ടാനാണ് ഇന്ത്യയുടെ പദ്ധതി. ഏപ്രിൽ ഒന്നിന് ചുങ്കം കൂട്ടും.
വാൽനട്ട്, പരിപ്പ്, പയർ, കടലപ്പരിപ്പ്, കടല, ബോറിക് ആസിഡ്, ഡയഗ്നോസ്റ്റിക് റീ ഏജന്റ്സ് തുടങ്ങിയവയ്ക്കാണ് ഇന്ത്യ ചുങ്കം കൂട്ടുക. വാൽനട്ടിനു ചുങ്കം നാലു മടങ്ങാക്കി 120 ശതമാനമാക്കും. കടല, പരിപ്പ് തുടങ്ങിയവയ്ക്ക് ചുങ്കം ഇരട്ടിപ്പിച്ച് 70 ശതമാനമാക്കും. പയറിന് 30 ശതമാനമെന്നുള്ളതു 40 ശതമാനമാക്കും.അമേരിക്കയുടെ ചുങ്കം വർധന മേയ് ആദ്യമാണു പ്രാബല്യത്തിൽ വരിക.
അമേരിക്കൻ നടപടി ഇന്ത്യയെ സാരമായി ബാധിക്കില്ലെന്നാണു വിലയിരുത്തൽ. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ 12 ശതമാനം മാത്രമേ നികുതിയിളവിന് അർഹമായിരുന്നുള്ളൂ. അവയ്ക്കു സാധാരണ ചുങ്കം നല്കേണ്ടിവന്നാലും കയറ്റുമതി ഇല്ലാതാകാനിടയില്ല.വ്യാപാരം സംബന്ധിച്ച തർക്കം തീർക്കാൻ ചർച്ച തുടരുന്നതിനിടെ ഇന്ത്യക്കുള്ള പരിഗണന കുറച്ച ട്രംപിന്റെ നടപടിയിൽ ഗവൺമെന്റിന് അമർഷമുണ്ട്. ഇന്ത്യ-അമേരിക്ക ചർച്ച തരക്കേടില്ലാത്ത പുരോഗതി കൈവരിച്ചിരുന്നുതാനും.
സ്റ്റെന്റ്, കൃത്രിമമുട്ട് തുടങ്ങിയ മെഡിക്കൽ സാമഗ്രികൾക്കു വില നിയന്ത്രിച്ചതും അമേരിക്കൻ ക്ഷീരോത്പന്നങ്ങൾ ഇന്ത്യ വാങ്ങാത്തതുമാണു ട്രംപിന്റെ രോഷത്തിനു കാരണം.