ന്യൂയോർക്ക്: അമേരിക്കയിൽ സ്വപ്രയത്നംകൊണ്ട് ധനികരായ വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ വംശജർ. ഫോബ്സ് തയാറാക്കിയ അമേരിക്കയിലെ ഏറ്റവും ധനികരായ വനിതകളുടെ പട്ടികയിൽ 80 പേരാണുള്ളത്.
കംപ്യൂട്ടർ നെറ്റ്വർക്കിംഗ് കന്പനിയായ അരിസ്റ്റ നെറ്റ്വർക്സിന്റെ പ്രസിഡന്റും സിഇഒയുമായ ജയശ്രീ ഉല്ലാൽ, ഐടി കൺസൾട്ടിംഗ്-ഒൗട്ട്സോഴ്സിംഗ് കമ്പനിയായ സിന്റെലിന്റെ സഹസ്ഥാപക നീരജ സേതി, സ്ട്രീമിംഗ് ഡാറ്റാ ടെക്നോളജി കന്പനിയായ കോൺഫ്ലുവന്റിന്റെ സിടിഒയും സഹസ്ഥാപകയുമായ നേഹ നർഖഡെ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ.
പട്ടികയിൽ ഒന്നാം സ്ഥാനം ഡിയാൻ ഹെൻഡ്രിക്സ് എന്ന എഴുപത്തിരണ്ടുകാരിക്കാണ്. അമേരിക്കയിലെ റൂഫിംഗ്, സൈഡിംഗ്, ജനലുകൾ തുടങ്ങിയവയുടെ ഏറ്റവും വലിയ മൊത്തവിതരണക്കാരായ എബിസി സപ്ലൈയുടെ മേധാവിയാണ് ഹെൻഡ്രിക്സ്. 700 കോടി ഡോളറാണ് ഇവരുടെ ആസ്തി.
പട്ടികയിൽ പതിനെട്ടാം സ്ഥാനത്തുള്ള ജയശ്രീ ഉല്ലാലിന് 140 കോടി ഡോളറിന്റെ ആസ്തിയുണ്ട്. 58 വയസുള്ള ഇവരുടെ കൈയിൽ അരിസ്റ്റയുടെ അഞ്ചു ശതമാനം ഓഹരിയുണ്ട്. ലണ്ടനിൽ ജനിച്ച് ഇന്ത്യയിൽ വളർന്ന ഉല്ലാൽ അമേരിക്കയിലെ ഏറ്റവും കൂടുതൽ ആസ്തിയുള്ള വനിതാ എക്സിക്യൂട്ടീവ് ആണെന്ന് ഫോബ്സ് അറിയിച്ചു.
1980ൽ ഭർത്താവ് ഭാരത് ദേശായിയുമായി ചേർന്നാണ് നീരജ സേതി സിന്റെൽ സ്ഥാപിച്ചത്. 2000 ഡോളർ മുതൽമുടക്കിൽ മിഷിഗണിലെ ട്രോയിയിൽ ഒരു ചെറിയ ഫ്ലാറ്റിലായിരുന്നു തുടക്കം. പട്ടികയിൽ 23-ാം സ്ഥാനത്തുള്ള നീരജയ്ക്ക് ഇപ്പോൾ 100 കോടി ഡോളർ ആസ്തിയുണ്ട്. ഫ്രഞ്ച് ഐടി കന്പനിയായ ആറ്റോസ് കഴിഞ്ഞ വർഷം ഒക്ടോബറിൽ സിന്റെലിനെ ഏറ്റെടുത്തു.
340 കോടി ഡോളറിനായിരുന്നു ഇടപാട്. അറുപത്തിനാലുകാരിയായ സേതിക്ക് തന്റെ ഓഹരിക്ക് 51 കോടി ഡോളർ ലഭിച്ചു.പട്ടികയിൽ 60-ാം സ്ഥാനത്താണ് നേഹ നർഖഡെ. ആസ്തി 36 കോടി ഡോളർ. ഇപ്പോൾ 250 കോടി ഡോളർ മൂല്യമുള്ള കോൺഫ്ലുവെന്റിന്റെ പ്രധാന ഇടപാടുകാർ നെറ്റ്ഫ്ലിക്സ്, ഊബർ തുടങ്ങിയ കന്പനികളാണ്.