ലോകപ്രശസ്ത അമേരിക്കന്‍ ബ്ലോഗറാണ് ജോര്‍ദാന്‍ ടെയ്ലര്. ട്രാവല്‍ ബ്ലോഗുകളിലൂടെയാണ് അവര്‍ പ്രശസ്തയായത്. ലോകമെമ്പാടും ഒരുപാട് പേര് പിന്തുടരുന്ന ജോര്‍ദാന്‍ കഴിഞ്ഞ ദിവസം നടത്തിയ ഒരു തുറന്നുപറച്ചില്‍ ഇന്ത്യയ്ക്ക് നാണക്കേടായി. തനിക്ക് ഇന്ത്യയിലെ ഒരു ഹോട്ടലില്‍ നേരിടേണ്ടി വന്ന ലജ്ജിപ്പിക്കുന്ന സംഭവത്തെപ്പറ്റി വീഡിയോയിലൂടെയാണ് അവര്‍ മനസു തുറന്നത്.
അത്തവണ എന്റെ ആണ്‍സുഹൃത്തിനൊപ്പമാണ് ഇന്ത്യയിലെത്തിയത്. ഇടയ്ക്ക് അദേഹം തിരിച്ചുപോയി. അതിനുശേഷം ഹോട്ടലില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു താമസം. ഒയോ റൂംസിലൂടെ ബുക്ക് ചെയ്ത ഹോട്ടലിലായിരുന്നു അത്. അന്ന് പുലര്‍ച്ചെ സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട് വന്നതിന് ശേഷം ഹോട്ടല്‍ ജീവനക്കാര്‍ ഇരട്ടെ കിട്ടിയ വേട്ട മൃഗത്തെ പോലെയാണ് എന്നെ നോക്കിയത്.
അന്ന് ഞാന്‍ മുറിയിലേക്ക് നടക്കുമ്പോള്‍ ഒരു ഹോട്ടല്‍ ജീവനക്കാരന് എന്റെ പിറകെ സ്റ്റെയര്‍കേസ് വരെ വന്നു. അയാളുടെ ഉദേശം അത്ര ശരിയായിരുന്നില്ല. ഒരുമാതിരി നേട്ടം. റൂമിലെത്തിയ ഞാന്‍ അവിടുത്തെ ഫോണില്‍ നിന്നും പുറത്തേക്ക് ഫോണ്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് എനിക്ക് മനസിലായി.
ഇതിനിടെ എനിക്ക് ആ റൂമിലെ ലാന്‍ഡ് ഫോണിലേക്ക് ചില കോളുകള്‍ വന്നുതുടങ്ങി. മിക്കതും അവിടുത്തെ ജീവനക്കാരായിരുന്നു. ഹേ. ബേബി, ഡാര്‍ലിംഗ് തുടങ്ങി മോശമായ പദപ്രയോഗങ്ങള്‍ നടത്തി. ഞാന്‍ ആകെ ഭയന്നുപോയി. വീണ്ടും അവര്‍ ഫോണില്‍ വിളിക്കാന്‍ തുടങ്ങി. ഞാന്‍ ഫോണ്‍ എടുത്തു. ലൈംഗികചുവയോടെയുള്ള ചില മുറമുറുപ്പുകളും ശ്വാസമെടുക്കലുകളും മറുതലയ്ക്കല്‍ കേട്ടു. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു.
ഇവിടെ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന ചിന്തയില്‍ ഞാനിരുന്നു. അപ്പോഴാണ് വാതിലില്‍ വന്ന് ഒരാള്‍ മുട്ടിയത്. വാതില്‍ തുറക്കാനും അവര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഞാന്‍ വാതില്‍ തുറന്നില്ല. അല്പനേരം കഴിഞ്ഞ് വീണ്ടും വാതില്‍ മുട്ടി. അപ്പോഴേക്കും മുറിയിലെ എ.സി അവര്‍ പുറത്ത് നിന്ന് ഓഫ് ചെയ്ത് കളഞ്ഞിരുന്നു. മെയിന്‍ സ്യുച്ച് ഓഫ് ചെയ്തതാണെന്ന് എനിക്ക് മനസിലായി.
പിന്നീട് വാതിലില്‍ മുട്ടി അവര്‍ പറഞ്ഞത് എസി തകരാറിലായതെന്നും അത് ശരിയാക്കണമെന്നുമാണ്. വേണ്ട എന്ന് മാത്രം ഞാന്‍ പറഞ്ഞു. ഇതേ കാര്യം അവര്‍ ഫോണില്‍ വിളിച്ചും ആവശ്യപ്പെട്ടു. അവര്‍ എസി പുറത്ത് നിന്ന് ഓഫ് ചെയ്തതാണ്. എന്നിട്ട് കള്ളം പറയുകയായിരുന്നു. വാതിലിന്റെ ഇടയിലൂടെ നോക്കിയപ്പോള്‍ കുറേ ആളുകള്‍ എന്റെ വാതിലിന് പുറത്ത് നില്‍ക്കുന്നത് കണ്ടു. വൈഫൈ നന്നാക്കണമെന്നും വാതില്‍ തുറക്കണമെന്നും അവര്‍ വീണ്ടും ആവശ്യപ്പെടുന്നുണ്ടായിരുന്നു.
മുറിക്കകത്ത് കടക്കാനായി അവര്‍ പല കള്ളങ്ങളും പറഞ്ഞു. അരുതാത്തതെന്തോ ഉടന്‍ സംഭവിക്കുമെന്ന് ഞാന്‍ ഭയന്നു. അങ്ങനെ രണ്ട് ദിവസം മുന്നോട്ട് പോയി. വാതിലിന് അടിയിലൂടെ പുറത്ത് ആളുകള്‍ നില്‍ക്കുന്നതിന്റെ നിഴല്‍ കാണാം. കുറച്ച് സമയം കഴിയുമ്പോള്‍ അവര്‍ പോകും. വീണ്ടും വരും.
കുടിക്കാന്‍ വെള്ളമോ ഭക്ഷണമോ ഇല്ല. ഞാന്‍ അവിടെ ബന്ധിയാക്കപ്പെട്ടെന്ന യാഥാര്‍ത്ഥ്യം ഞാന്‍ മനസിലാക്കുകയായിരുന്നു. പിറ്റേദിവസം പുലര്‍ച്ചെ വാതിലിന് പുറത്ത് ആരും ഇല്ല എന്ന് തോന്നിയ നിമിഷം അവിടെ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ജോര്‍ദാന്റെ വീഡിയോ വലിയ തോതില്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയുമില്ലെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്.