ന്യൂയോർക്ക്: അമേരിക്കയിൽ എച്ച് 1 ബി വീസയിൽ എത്തിയവർ പെർമനന്റ് റെസിഡൻസി(ഗ്രീൻ കാർഡ്)ക്കായി അപേക്ഷിച്ചതിന്റെ പേരിൽ തുടരുന്നവരെ തിരിച്ചയയ്ക്കാനുള്ള ട്രംപിന്റെ നിർദേശത്തിൽ ഇന്ത്യക്കാർ ആശങ്കയിൽ. പുതിയ നിർദേശം പ്രബല്യത്തിലായാൽ ടെക്കി മേഖലയിൽനിന്ന് മാത്രം മലയാളികളടക്കം അഞ്ചുലക്ഷത്തോളം ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും.
നിലവിലെ നിയമം അനുസരിച്ച് മൂന്നുവർഷത്തെ കാലാവധിയുള്ള എച്ച് 1 ബി വീസ ഉള്ളവർക്ക് മൂന്നുവർഷത്തെ എക്സ്റ്റൻഷൻ കൂടി അനുവദിക്കാറുണ്ട്.
ഇങ്ങനെ ആറുവർഷം പൂർത്തിയാകുന്പോൾ, എച്ച് 1 ബി വീസ ഉടമ ഗ്രീൻ കാർഡിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ആ അപേക്ഷയിലുള്ള നടപടികൾ പൂർത്തിയാകുന്നതുവരെ അമേരിക്കയിൽ തുടരാൻ അനുമതിയും ലഭിക്കാറുണ്ടായിരുന്നു.
തദ്ദേശീയർക്ക് കൂടുതൽ അവസരമൊരുക്കുക എന്നതിനായി ട്രംപ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടുവെച്ച ’ബൈ അമേരിക്കൻ, ഹയർ അമേരിക്കൻ’ എന്ന നയത്തിന്റെ തുടർച്ചയാണ് പുതിയ നിർദേശവും.
എച്ച് 1 ബി വീസ എക്സ്റ്റൻഷനുള്ള അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്ന കാര്യം പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അധികൃതർ വ്യക്തമാക്കി. ആശ്രിത വീസയ്ക്കുള്ള അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനവും അടുത്തിടെ ട്രംപ് ഭരണകൂടം കൈക്കൊണ്ടിരുന്നു.
ഇന്ത്യയിൽനിന്നു ചൈനയിൽനിന്നുമുള്ള ലക്ഷക്കണക്കിന് സ്കിൽഡ് വർക്കർമാരാണ് ഈ തരത്തിൽ അമേരിക്കയിൽ തുടർന്നിരുന്നത്. പുതിയ നിർദേശം അമേരിക്കൻ പൗരത്വം എന്ന ഇന്ത്യക്കാരടക്കമുള്ളവരുടെ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയാകും.