മിഷിഗൺ: അടുത്തയാഴ്ച നടക്കുന്ന അമേരിക്കൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്.
മിഷിഗണിൽ നടന്ന പ്രചാരണ പരിപാടിയിൽ ഇന്ത്യ-യുഎസ് വ്യാപാരത്തെക്കുറിച്ചു സംസാരിക്കുന്പോഴാണു മോദിയുമായുള്ള കൂടിക്കാഴ്ച ട്രംപ് പ്രഖ്യാപിച്ചത്. അതേസമയം, കൂടിക്കാഴ്ച എവിടെയായിരിക്കുമെന്നു ട്രംപ് വിശദീകരിച്ചില്ല.
വാർഷിക ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി 21 മുതൽ മൂന്നു ദിവസത്തെ അമേരിക്ക സന്ദർശനത്തിനാണു മോദി എത്തുന്നത്. 22ന് ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2020 ഫെബ്രുവരിയിൽ ഇന്ത്യാ സന്ദർശനത്തിനിടെയായിരുന്നു മോദിയുടെയും ട്രംപിന്റെയും അവസാന കൂടിക്കാഴ്ച.