അലബാമ (യുഎസ്): അമേരിക്കയിലെ അലബാമ സ്വദേശിനിയായ യുവതിയുടെ ഇരട്ടഗർഭം വൈദ്യശാസ്ത്ര മേഖലയിൽ ഏറെ ചർച്ചയായിരിക്കയാണ്. കെൽസി ഹാച്ചർ എന്ന മുപ്പത്തിരണ്ടുകാരിയുടെ നാലാമത്തെ ഗർഭമാണ് വാർത്തകളിൽ സ്ഥാനം പിടിച്ചത്.
ഒറ്റപ്രസവത്തിൽ ഒന്നിലേറെ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് സാധാരണമാണെങ്കിലും കെൽസിയുടെ ഗർഭം അതിൽനിന്നൊക്കെ വ്യത്യസ്തമാണ്. രണ്ടു ഗർഭപാത്രവും അതിൽ രണ്ടിലും കുഞ്ഞുങ്ങളുമാണ് ഇവർക്കുള്ളത്. അപൂർവങ്ങളിൽ അപൂർവമാണ് ഇതെന്നു ഡോക്ടർമാർ പറയുന്നു.
രണ്ട് ഗർഭാശയവും രണ്ട് സെർവിക്സും ഉള്ള സ്ത്രീകൾ ഉണ്ടാകാമെങ്കിലും രണ്ടു ഗർഭപാത്രത്തിലും ഒരേസമയം ഗർഭിണിയാകാനുള്ള സാധ്യത ദശലക്ഷത്തിൽ ഒന്ന് മാത്രമാണത്രെ. ഗർഭിണിയായി എട്ടാഴ്ച കഴിഞ്ഞ് കെൽസിയെ അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയയാക്കിയപ്പോഴാണ് ഡോക്ടർമാരെ അമ്പരപ്പിച്ച അപൂർവ ഗർഭം ശ്രദ്ധയിൽപ്പെട്ടത്. കാലേബ് ആണ് കെൽസിയുടെ ഭർത്താവ്.
ഈ ദമ്പതികൾക്ക് നിലവിൽ ഏഴും നാലും രണ്ടും വയസുള്ള മൂന്നു കുട്ടികളുണ്ട്. തനിക്ക് രണ്ട് ഗർഭാശയമുണ്ടെന്നു 17 വയസു മുതൽ കെൽസിക്ക് അറിയാമായിരുന്നു. എന്നാൽ, മുമ്പു നടന്ന മൂന്നു പ്രസവങ്ങളും സുഗമമായാണു നടന്നത്. ഇരട്ടഗർഭം ഉയർന്ന അപകടസാധ്യതയുള്ളതാണെങ്കിലും ഇതുവരെ കെൽസിയുടെ ആരോഗ്യാവസ്ഥയ്ക്കു പ്രശ്നങ്ങളൊന്നുമില്ല.
എന്നിരുന്നാലും വിദഗ്ധ ഡോക്ടർമാരുടെ ഒരു പാനൽ കെൽസിയുടെ പ്രസവശുശ്രൂഷകൾക്കായി തയാറായിട്ടുണ്ട്. നിരീക്ഷണ പ്രക്രിയയുടെ രൂപരേഖയും തയാറാക്കി. അതേസമയം, അപൂർവ ഇരട്ടക്കുട്ടികളെ സ്വീകരിക്കാൻ തയാറെടുക്കുകയാണ് കെൽസിയുടെ കുടുംബം. ക്രിസ്മസ് ദിനത്തിൽ കെൽസി പ്രസവിക്കും.