ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാന്പസിൽ നടന്ന വെടിവയ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കുണ്ട്. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് കാന്പസിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണു വെടിവയ്പുണ്ടായത്.
കാന്പസിലെത്തിയ 67 കാരനായ യൂണിവേഴ്സിറ്റി പ്രഫസർ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളും കൊല്ലപ്പെട്ടു. വെടിവയ്പ് നടന്ന ലാസ് വേഗസ് കാമ്പസുമായി അക്രമിക്ക് ബന്ധമില്ലെന്നു പോലീസ് പറഞ്ഞു.
പോലീസുമായുള്ള ഏറ്റുമുട്ടലിലാണോ അക്രമി കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരുടെ നിലയെക്കുറിച്ചും വ്യക്തതയില്ല.
വെടിവയ്പുണ്ടായ ഉടനെ പോലീസെത്തി കാന്പസിലുണ്ടായിരുന്നവരെ സ്ഥലത്തുനിന്നു മാറ്റിയിരുന്നു. കൂടുതൽ അക്രമികളുണ്ടെന്ന സംശയത്തിൽ കാന്പസിൽ തെരച്ചിലും നടത്തി. നിലവില്‍ കാന്പസില് സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.