ഗുവാം: യുഎസ് വിമാനവാഹിനിക്കപ്പലിലെ നാവികർക്കും കൊറോണ വൈറസ് ബാധ. സഹായം അഭ്യർഥിച്ച് ക്യാപ്റ്റൻ പെന്റഗണ്ണിന് കത്തെഴുതി.
തിയോഡോർ റൂസ്വെൽറ്റ് എന്ന വിമാനവാഹിനിക്കപ്പലിലെ നാവികർക്കാണ് കൊറോണ പിടിപെട്ടത്. കപ്പലിൽ നാലായിരത്തിലധികം ജീവനക്കാരാണുള്ളത്. പസഫിക് മഹാസമുദ്രത്തിലുള്ള മരിയാന ദ്വീപ് സമൂഹങ്ങളിലെ ഏറ്റവും വലിയ ദ്വീപായ ഗുവാമിന്റെ സമുദ്രാതിർത്തിയിലാണ് കപ്പൽ ഉള്ളത്.
കപ്പലിലെ നിരവധി പേർക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. തങ്ങൾ ഇപ്പോൾ യുദ്ധത്തിലല്ല. അതിനാൽ സൈനികർക്ക് മരിക്കാൻ ആഗ്രഹമില്ലെന്ന് കപ്പലിലെ ക്യാപ്റ്റൻ ബ്രെത് ക്രോസിയർ പന്റെഗണ്ണിന് എഴുതിയ കത്തിൽ പറയുന്നു.
കപ്പലിലെ എല്ലാവരെയും ക്വാറന്റൈൻ ചെയ്യണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. കപ്പലിലെ പരിമിതമായ സ്ഥലത്ത് തിങ്ങിഞെരുങ്ങിയാണ് ജീവനക്കാർ കഴിയുന്നത്. അതിനാൽ രോഗം ബാധിച്ചവരെ മാറ്റിതാമസിപ്പിക്കാൻ കഴിയില്ലെന്നും ക്യാപ്റ്റൻ കത്തിൽ പറയുന്നു.
വൈറസ് വ്യാപനം തുടരുകയാണെന്ന് കഴിഞ്ഞ തിങ്കളാഴ്ച എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി. കപ്പലിലെ എത്ര പേർക്ക് രോഗം പിടിപെട്ടെന്ന് വ്യക്തമല്ല. കുറഞ്ഞത് 100 നാവികർക്കെങ്കിലും രോഗം ബാധിച്ചതായാണ് റിപ്പോർട്ടുകൾ.
കപ്പലിലെ നാവികരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുവേണ്ട നടപടികൾ പുരോഗമിക്കുകയാണെന്ന് യുഎസ് നാവിക സേന വക്താവ് റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് അറിയിച്ചു.