അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രവാചകന് അലന് ലിക്മാന്‍ ദയനീയ പരാജയം. നേരത്തെ 11 അമേരിക്കന്‍ പ്രസിഡന്റുമാരെക്കുറിച്ചു നടത്തിയ പ്രവചനത്തില്‍ പത്തിലും ജയിച്ച് ‘അമേരിക്കന്‍ നോസ്റ്റര്‍ഡാമസ്’ എന്നുവിളിപ്പേരുള്ള അലന് ലിക്മാന്റെ തങ്കത്തിളക്കം ഇത്തവണ നഷ്ടപ്പെട്ടു.
കമല ഹാരിസ് ജയിക്കുമെന്ന അദ്ദേഹത്തിന്റെ പ്രവചനം പാളി. ഡോണള്‍ഡ് ട്രംപിന്റെ വിജയം ലിക്മാന്റെ പരാജയമായി. അദ്ദേഹത്തിന്റെ സ്കോര്‍ 12-2. അമേരിക്കയിലെ ഒട്ടുമിക്ക മാധ്യമ സ്ഥാപനങ്ങളുടെയും സര്‍വേ ഏജന്‍സികളുടെയും പ്രവചനങ്ങള്‍ പാളിയ കൂട്ടത്തില്‍ ലിക്മാനും സ്ഥാനം കിട്ടി.
ട്രംപ് വിജയിച്ച ഉടനേ മകന് സാമിന്റെ യൂട്യൂബ് ചാനലില്‍ ലൈവായി പ്രത്യക്ഷപ്പെട്ട അദ്ദേഹം നിരാശനായിരുന്നു. “എനിക്കു പ്രതീക്ഷ നഷ്ടപ്പെട്ട രാത്രിയാണ്. ജനാധിപത്യം ഇല്ലാതായി” – അദ്ദേഹം തലയില്‍ കൈവച്ച് പ്രതികരിച്ചു. ജനാധിപത്യം വിലപ്പെട്ടതാണ്. എന്നാല്‍ എല്ലാ വിലപ്പെട്ട വസ്തുക്കളെയും പോലെ അതിനെയും നശിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധാരാളം മാധ്യമങ്ങള്‍ അഭിമുഖത്തിന് ക്ഷണിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. വിശദമായി പഠിക്കട്ടെയെന്ന് പ്രതികരിച്ച് ഒഴിഞ്ഞുമാറി.
1972ല്‍ റിച്ചാര്‍ഡ് നിക്സണ് മുതല്‍ 2024ല്‍ കമല ഹാരിസ് വരെയുള്ള 12 പ്രസിഡന്റ് തെരഞ്ഞെടുപ്പുകളാണ് ഇദ്ദേഹം പ്രവചിച്ചത്. 2000ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോര്‍ജ് ബുഷും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി അല്‍ഗോറും തമ്മില്‍ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തില്‍ അലന് ലിക്മന്‍ പ്രവചിച്ചത് അല്‍ഗോറിന്റെ വിജയമായിരുന്നു.
പക്ഷേ അദ്ദേഹം തോറ്റു. അന്ന് 60 ലക്ഷം പേര് വോട്ടുചെയ്ത ഫ്ളോറിഡയില്‍ 537 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ ബുഷ് നിരങ്ങിക്കയറി. അതോടെ ഫ്ളോറിഡയിലെ 25 ഇലക്ടറല്‍ വോട്ടുകള്‍ നേടി ബുഷ് വൈറ്റ്ഹൗസിലെത്തി. ഫലപ്രഖ്യാപനം നീണ്ടുപോകുകയും അവസാനം സുപ്രീംകോടതി തീര്‍പ്പാക്കുകയുമായിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും തീപാറിയ ഈ പോരാട്ടം മാത്രമാണ് അലനു തെറ്റിയത്.
എന്നാല്‍ ഇത്തവണ ട്രംപിന്റേത് ആധികാരിക വിജയമാണ്. ചാഞ്ചാടുന്ന സംസ്ഥാനങ്ങള്‍ മുഴുവന്‍ അദ്ദേഹം പിടിച്ചടക്കി. ജനകീയ വോട്ടിലും ആധികാരിക മുന്നേറ്റം. കൂടാതെ കോണ്‍ഗ്രസിലും സെനറ്റിലും റിപ്പബ്ലിക്കന്‍ തേരോട്ടം.
തെരഞ്ഞെടുപ്പ് വിശകലന വിശാരദന് എന്നതിനപ്പുറത്ത് പല ഖ്യാതികളും അദ്ദേഹത്തിനുണ്ട്.
വാഷിംഗ്ടണ്‍ ഡിസിയിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ പ്രഫസറാണ്. ആധുനിക അമേരിക്കന്‍ ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 13 ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹം നൂറുകണക്കിന് ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. വോട്ടവകാശം സംബന്ധിച്ച കേസുകളില്‍ പോരാടിയിട്ടുണ്ട്. പത്രങ്ങളിലും ചാനലുകളിലും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിശകലനങ്ങള്‍ പതിവാണ്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അദ്ദേഹം വിശകലനം ചെയ്യുന്നത് 13 സൂചികകളുടെ അടിസ്ഥാനത്തിലാണ്. ഇതില്‍ എട്ടെണ്ണം അനുകൂലമായതിനാല്‍ കമലയ്ക്ക് വിജയം ഉറപ്പെന്നായിരുന്നു പ്രവചനം. അഞ്ചു സൂചകങ്ങളില്‍ ട്രംപിന് മുന്‍തൂക്കം കണ്ടെത്തിയിരുന്നു.
പി.ടി. ചാക്കോ