വാഷിംഗ്ടൺ: എച്ച് 1 ബി, എച്ച് 2 ബി, എച്ച് 4, എല്‍, ജെ വിസകള്‍ നൽകുന്നത് അമേരിക്ക ഡിസംബര്‍ 31 വരെ നിർത്തിവച്ചു. സുപ്രധാന ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പിട്ടു. ഇപ്പോൾ അമേരിക്കയിലുള്ളവർക്ക് വിലക്ക് ബാധകമല്ല.
ഈ മാസംവരെ വിസകൾ വിലക്കി നേരത്തെ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടിരുന്നു. ഈ വിലക്ക് ഈ വർഷം മുഴുവൻ നീട്ടിക്കൊണ്ടുള്ള പുതിയ ഉത്തരവാണ് ഇപ്പോൾ വന്നത്. വിദഗ്ധ തൊഴിലാളികളുടെയും വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലേക്കുള്ള ഇടക്കാല നിയമനങ്ങളും ഇതോടെ നടക്കില്ല.
വിദ്യാര്‍ഥി, തൊഴില്‍, സാസ്കാരിക പരിപാടികളുടെ ഭാഗമായുള്ള ജെ വീസുകളും നല്‍കില്ല. ഒരു കമ്പനിയിൽനിന്ന് അമേരിക്കയിലേക്ക് സ്ഥലം മാറ്റാനുമാകില്ല. എക്സിക്യൂട്ടീവുകൾ, ഐടി വിദഗ്ധർ, ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി എല്ലാ തൊഴിൽ മേഖലകളിലുമുള്ളവരെയും വിലക്ക് ബാധിക്കുമെന്നാണ് റിപ്പോർട്ട്.
മികവുള്ളവർക്ക് വീസ നൽകുന്ന സംവിധാനത്തിലേക്ക് മാറുകയാണെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. മികച്ച ശമ്പളമുള്ള തൊഴിലിൽ മികവുള്ളവർക്ക് മാത്രം എച്ച് 1 ബി വീസ ഉറപ്പാക്കുമെന്ന് വൈറ്റ് ഹൗസ് പറയുന്നു.
അമേരിക്കക്കാരെ ഒഴിവാക്കി കുറഞ്ഞ വേതനത്തിന് വിദേശികളെ നിയമക്കാൻ ഇനി തൊഴിൽ ഉടമകളെ അനുവദിക്കില്ല. ഇതിനുള്ള പഴുതുകളും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രതിഛായ നിർമാണത്തിൽ ഏർപ്പെട്ട പ്രസിഡന്റ് അടച്ചുകളഞ്ഞു.
ഈ തൊഴിൽ പരിഷ്കാരങ്ങൾ അമേരിക്കൻ തൊഴിലാളികളുടെ വേതനം സംരക്ഷിക്കുകയും രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ തൊഴിലാളികൾ ഉയർന്ന വൈദഗ്ധ്യമുള്ളവരാണെന്ന് ഉറപ്പാക്കുന്നതാണെന്നും വൈറ്റ്ഹൗസിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
തദ്ദേശിയർക്ക് 5,25,000 അധികം തൊഴിൽ അവസരങ്ങൾ ഇതിലൂടെ ഉറപ്പാക്കാനാകുമെന്നും ട്രംപ് ഭരണകൂടം പറയുന്നു. വർഷം രണ്ടു ലക്ഷത്തിലധികം എച്ച്1ബി വിസ അപേക്ഷകളാണ് ലഭിക്കാറുള്ളത്.
കോവിഡ് ബാധിച്ച സാമ്പത്തികമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് നടപടിയെന്ന് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സും വ്യക്തമാക്കി. നിരാശാജനകമായ തീരുമാനമെന്നും കുടിയേറ്റക്കാര്‍ക്കായി നിലകൊള്ളുമെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് യുഎസ് കനത്ത സാമ്പത്തികബുദ്ധിമുട്ടിലാണ്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ട്രംപ് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.