വീഡിയോ ഗെയിമുകൾ, കടുംനിറങ്ങളിലുള്ള കാർട്ടൂൺ കഥാപാത്രങ്ങൾ, ഹോം വർക്ക് ബുക്കുകൾ… സാധാരണഗതിയിൽ ഇതൊക്കെയാണ് ഒരു പതിനൊന്നുകാരന്റെ ലോകം. എന്നാൽ വില്യം മലിസ് എന്ന ബാലന് വീഡിയോ ഗെയിമുകൾ കണ്ടിരിക്കാൻ സമയമില്ല. കാർട്ടൂണുകൾ കാണാൻ താത്പര്യവുമില്ല.
ആസ്ട്രോഫിസ്കിസിൽ ബിരുദാനന്തര ബിരുദമെടുക്കാനുള്ള തയാറെടുപ്പിലാണ് ഈ ഫ്ലോറിഡാക്കാരൻ പയ്യൻസ്. ഫ്ലോറിഡയിലെ സെന്റ് പീറ്റേഴ്സ് ബർഗ് കോളജിൽനിന്നു ആസ്ട്രോ ഫിസിക്സിൽ കഴിഞ്ഞ ദിവസം ബിരുദം നേടിയതോടെയാണ് വില്യം മലിസ് വാർത്തകളിലിടം നേടുന്നത്.
ഈ ചെറുപ്രായത്തിൽ എങ്ങനെയാണ് ആസ്ട്രോഫിസിക്സ് പോലുള്ള കടിച്ചാൽ പൊട്ടാത്ത വിഷയങ്ങൾ പഠിച്ചതെന്നു ചോദിച്ചാൽ ഇതൊക്കെ യെന്ത്, ചീളു കേസല്ലേ. എന്ന മട്ടിലാണ് വില്യമിന്റെ പ്രതികരണം. കേവലം ഒരു വയസുള്ളപ്പോൾതന്നെ വില്യം ഗണിതക്രിയകൾ ചെയ്യുമായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു.
നാലു വയസായപ്പോൾ അദ്ഭുതബാലൻ ആറു ഭാഷകൾ അത്യാവശ്യം കൈകാര്യം ചെയ്യാവുന്ന പ്രാപ്തിയിലെത്തിയത്രേ. അഞ്ചാം വയസിൽ വില്യമിന് ഒഹിയോയിലെ ചീഫ് സൈക്യാർട്ടിസ്റ്റ് ജീനിയസ് പദവി ചാർത്തി. പലതരത്തിലുള്ള പരീക്ഷകൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് വില്യമിന് ജീനിയസ് പദവി ലഭിക്കുന്നത്.
ബിരുദം നേടിയതിൽ സന്തോഷമുണ്ടെന്നും ബിരുദാനന്തര ബിരുദമാണ് അടുത്ത ലക്ഷ്യമെന്നും വില്യം പറയുന്നു. എന്നാൽ, അവിടംകൊണ്ടൊന്നും പഠിപ്പ് നിർത്താൻ കക്ഷി ഉദ്ദേശിക്കുന്നില്ല. 18 -ാം വയസിൽ ഡോക്ടറേറ്റെടുക്കാനാണു പദ്ധതി.