വിഴിഞ്ഞം: കാണാതായ വയോധികയുടെ മൃതദേഹം കടൽക്കരയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. പൂവാർ എരിക്കലുവിള എമിൽഡാലാന്റിൽ എമിൽഡ (60) ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ പൂവാർ പൊഴിക്കരയിൽ കണ്ടെത്തിയത്.
അവിവാഹിതയായ എമിൽഡ സഹോദരന്റെ മക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. ബുധനാഴ്ച പുലർച്ചെയോടെയാണ് എമിൽഡയെ കാണാതായ വിവരം ബന്ധുക്കൾ അറിയുന്നത്.
സമീപത്ത് താമസിക്കുന്ന ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അപ്പുറത്തുള്ള കടൽക്കരയിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നതും ആഭരണങ്ങൾ കാണാതായതും സംശയത്തിനിടവരുത്തി. പൂവാർ തീരദേശ പോലീസ് എത്തി ഇൻക്വിസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പോസ്റ്റമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി.
കോസ്റ്റൽ സിഐ ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം.എന്നാൽ മൃതശരീരത്തിൽ കണ്ട ചെറിയ മുറിവുകളുടെയും മറ്റും ദുരൂഹത നീക്കേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു.
എപ്പോഴും കണ്ണട ധരിക്കുന്ന എമിൽ ഡാ രാത്രിയിൽ കടൽക്കരയിൽ എത്തിയെന്ന് പറയുന്നതിലും സംശയമുള്ളതായി പോലീസ് പറയുന്നു. ആന്തരീകാവയവങ്ങളുടെ പരിശോധന റിപ്പോർട്ടിന് ശേഷം കൂടുതൽ കാര്യങ്ങൾ വെളിവാകുമെന്ന് സിഐ പറഞ്ഞു.