കാട്ടാക്കട: കല്ലാറിൽ അമ്മയാന ചരിഞ്ഞതോടെ നൊമ്പരമായി മാറി പിന്നെ കോട്ടൂർ കാപ്പുകാട് ആനപുനരധിവാസകേന്ദ്രത്തിലെത്തിച്ച പിടിയാനക്കുട്ടിയ്ക്ക് പേരിട്ടു.. ആമിന.
ആന എന്ന രണ്ടക്ഷരത്തെ വേർപ്പെടുത്തി ഇടയ്ക്ക് ഞാൻ എന്ന അർത്ഥം വരുന്ന മി എന്ന വാക്ക് ചേർത്താണ് ആമിന (aamena) എന്നാക്കിയിട്ടുള്ളത്.
അമ്മയുടെ അടുത്ത് അപരിചിതരെ ഒരാളെയും അടുപ്പിക്കാതെ ചിഹ്നം വിളിച്ചും പേടിപ്പിച്ചും വട്ടംചുറ്റി ഇടിക്കാനും ഓടിച്ച അവൾ ചുരുങ്ങിയ ദിവസം കൊണ്ട് എല്ലാവരുമായും ഇണങ്ങി വനപാലകരുടെ പൊന്നോമനയായി മാറി.
കുട്ടിയാനകളെ പരിചരിക്കാൻ വിദഗ്ധനായ സന്തോഷാണ് പുതിയ അന്തേവാസിയേയും പരിപാലിക്കുന്നത്. അനുസരണക്കേട് അൽപ്പമുണ്ട്.
ലാക്റ്റോജനും പഴങ്ങളും ഒക്കെ കഴിച്ചു തുടങ്ങി. പാപ്പാൻമാർ അടുത്തേക്ക് വിളിച്ചാൽ ചെവി വീശി തലയിളക്കി തുമ്പികൈ നീട്ടി അവൾ പുറകിലേക്ക് മാറും, മുറിയുടെ ഒരുവശത്ത് ചെന്ന് ഭിത്തിയിൽ തുമ്പികൈ കൊണ്ട് പരതും.
അമ്മയുടെ ചൂട് പറ്റി കഴിഞ്ഞിരുന്ന ഇവൾക്ക് നാളിതുവരെയുള്ള കാര്യങ്ങളിൽ നിന്നും വ്യത്യസ്തമായ രീതികളും ചിട്ടകളും ഒക്കെ അവളെ ആലോസരപ്പെടുത്തുന്നുണ്ടെന്ന് പാപ്പാൻ പറയുന്നു. വെറ്റിനറി ഡോക്ടർ ഷൈജുവിനെ നേതൃത്വത്തിൽ ഡോക്ടർമാർ പരിശോധനയും നിരീക്ഷണവുമായി കൂടെയുണ്ട്.
രണ്ടാഴ്ചയോളം ഇപ്പോഴത്തെ രീതി തന്നെ തുടരും. പിന്നെ പതിയെ ശ്രീകുട്ടി എന്ന കുട്ടിയാന ഉൾപ്പെടെയുള്ള ആനകളുമായി ഇടപഴകാൻ പുറത്ത് എത്തിക്കും.
ഇതിനൊക്കെ ശേഷമാകും പൊതുജനങ്ങളെ കാണാൻ അനുവദിക്കുക. കാപ്പുകാട് ഇപ്പോൾ 16 ആനകളുണ്ട്. ഇവയിൽ ആറു കുട്ടികളാണ് ഉള്ളത്. ആകെ എട്ട് പിടിയാനയും 85 കാരൻ മുത്തച്ഛൻ ഉൾപ്പടെ എട്ട് കൊമ്പന്മാരും.