ആലപ്പുഴ:മിനിമം ബാലന്‍സിന്റെ പേരില്‍ അക്കൗണ്ട് ഉടമകളോട് എസ്ബിഐ ചെയ്യുന്ന ദ്രോഹം ചില്ലറയൊന്നുമല്ല. മിനിമം ബാലന്‍സിന്റെ പേരില്‍ നടത്തിയിരുന്ന കൊള്ള എസ്ബിഐ ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഇതിന് കാരണമായതാവട്ടെ ആമിന എന്ന വിദ്യാര്‍ഥിനിയും.
ആലപ്പുഴ എസ്ബിഐ എന്‍ എച്ച് 47 ശാഖയില്‍ അക്കൗണ്ട് ഉണ്ടായിരുന്ന ആമിനക്ക് പിന്നാക്ക സ്കോളര്‍ഷിപ്പായി കേരള സര്‍ക്കാര്‍ അനുവദിച്ച 1000 രൂപ വന്നിരുന്നത് ഈ അക്കൗണ്ടിലാണ്. പിന്നാക്ക സ്കോളര്‍ഷിപ്പിന്റെ തുക വന്ന വിവരമറിഞ്ഞ് ബാങ്കിലെത്തിയ ആമിന ആയിരം രൂപ പിന്‍വലിക്കാന്‍ എഴുതി കൊടുത്തു. എന്നാല്‍ 500 രൂപ മാത്രമേ നല്കുകയുള്ളുവെന്ന് ബാങ്ക് പറഞ്ഞു. കാരണം തിരക്കിയപ്പോള്‍ മിനിമം ബാലന്‍സ് 3000 രുപയാണെന്നും അതില്ലെങ്കില്‍ 3000 രൂപ പിടിക്കുമെന്നും ബാങ്ക് പറഞ്ഞു.
വിദ്യാര്‍ത്ഥിനിയോടുള്ള ദയ കരുതിയാണത്രേ 500 രൂപ നല്‍കുന്നത്. വിവരമറിഞ്ഞ ആമിന തളര്‍ന്നു പോയി. സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്ത കുടുംബത്തില്‍ നിന്നും വരുന്ന ആമിന വീട്ടിലെത്തി രക്ഷകര്‍ത്താക്കളെ ബാങ്കില്‍ കൊണ്ടുവന്നു സംസാരിച്ചു. അപ്പോഴും 468 രൂപ പിഴയായി ഈടാക്കുമെന്ന് ബാങ്കിന് വാശിയായി. ഒടുവില്‍ 500 രൂപയും വാങ്ങി ആമിന മടങ്ങി. പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നത് അവരുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകാതിരിക്കാനാണ്. അങ്ങനെ ലഭിക്കുന്ന തുച്ഛമായ തുകയില്‍ നിന്നും പിഴ ഈടാക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.
എന്നാല്‍ ആമിന വെറുതെ ഇരുന്നില്ല. വിദ്യാര്‍ത്ഥിനി തന്റെ അനുഭവം ദൃശ്യ- പത്രമാധ്യമങ്ങളെ അറിയിച്ചു. മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതിനെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. ഇത്തരം ദ്രോഹങ്ങള്‍ ഈ തലമുറയെ മാത്രമല്ല അടുത്ത തലമുറയെയും ബാധിക്കും. ബാങ്കില്‍ നിന്നും കമ്മീഷന് വിശദീകരണം ചോദിച്ചു. ഉടന്‍ നടപടിയുണ്ടായി. ആമിനയില് നിന്നും ഈടാക്കിയ 468 രൂപ വിദ്യാര്‍ത്ഥിനിയുടെ അക്കൗണ്ടില്‍ മടക്കി നല്കി. എന്തായാലും എസ്ബിഐ മുട്ടുകുത്തിയെന്നു പറഞ്ഞാല്‍ മതിയല്ലോ.
ആമിനക്ക് രൂപേ എടിഎം കാര്‍ഡ് നല്‍കാനും ബാങ്ക് തീരുമാനിച്ചു. രൂപേ കാര്‍ഡിന് ആനുവല്‍ ചാര്‍ജ് ഇല്ല. ഭാവിയില്‍ ശമ്പള അക്കൗണ്ട്, പെന്ഷന് അക്കൗണ്ട്, ക്ഷേമ പെന്ഷന് അക്കൗണ്ട്, 18 വയസു വരെയുള്ളവരുടെ അക്കൗണ്ടുകള്‍ എന്നിവക്ക് മിനിമം ബാലന്‍സ് പിഴ ഈടാക്കേണ്ടതില്ലെന്ന് എസ്ബിഐ സര്‍ക്കുലറും ഇറക്കി. തെറ്റായി പിഴ ഈടാക്കിയാല്‍ നടപടിയെടുക്കുമെന്നും ബാങ്ക് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി. ഇപ്പോള്‍ സമൂഹത്തിന്റെ നാനാകോണുകളില്‍ നിന്നും ആമിനയ്ക്കു നേരേ അഭിനന്ദന പ്രവാഹമാണ്.