മേയിൽ ചൈനയിൽ വന്പൻ റിലീസിനൊരുങ്ങുന്ന ദംഗലിന്റെ പ്രചാരണത്തിനായി ആമിർ ഖാൻ ചൈനയിൽ. ബെയ്ജിങ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഞായറാഴ്ച നടന്ന പ്രിവ്യൂ പ്രദർശനത്തിൽ ആരാധകരോടൊപ്പം അദ്ദേഹം പങ്കെടുത്തു.
ഷുആയ് ജിയാവോ ബാബ (ഗുസ്തി പിടിക്കാം അച്ഛാ) എന്നാണ് ചൈനീസ് പതിപ്പിന്റെ ടൈറ്റിൽ.
ബെയ്ജിംഗ് ചലച്ചിത്രോത്സവത്തിനെത്തിയ ആമിറിനെ കാണാൻ നൂറുകണക്കിന് ആരാധകരാണ് എത്തിയത്. റിലീസിന് മുൻപുള്ള പ്രചാരണത്തിനായി വരും ദിവസങ്ങളിൽ ഷാങ്ഹായ്, ചെങ്ഡു എന്നീ സ്ഥലങ്ങളിലും ആമിർ എത്തും. സംവിധായകൻ നിതേഷ് തിവാരിയും ഒപ്പമുണ്ട്. വലിയ പ്രതികരണമാണ് ആമിറിന് ചൈനയിൽ ലഭിക്കുന്നത്. ആമിറിന് വലിയ ആരാധക സന്പത്താണ് ചൈനയിലുള്ളത്.
3 ഇഡിയറ്റ്സും ധൂം 3-യുമൊക്കെയാണ് ആമിറിനെ ചൈനീസ് പ്രേക്ഷകർക്കിടയിൽ എത്തിച്ചത്. 2014ൽ പുറത്തിറങ്ങിയ പികെ എല്ലാം മാറ്റിമറിച്ച സിനിമമായി. അതുവരെ ചൈനയിൽ ഒരിന്ത്യൻ ചിത്രത്തിനും ലഭിക്കാത്ത പ്രേക്ഷകപ്രീതി പികെ സ്വന്തമാക്കി. 103 കോടി രൂപയാണ് ചൈനീസ് റിലീസിൽ നിന്ന് പികെയുടെ നിർമാതാക്കൾക്ക് ലഭിച്ചത്.
തുടർന്ന് ഇന്ത്യൻ സിനിമയിലെ പല വന്പൻ റിലീസുകളും ചൈനയിലെത്തി, ബാഹുബലി ഉൾപ്പെടെ. എന്നാൽ ഇവയൊന്നും പച്ചപിടിച്ചില്ല. അതിന് പിന്നാലെയാണ് ദംഗലുമായി ആമിർ എത്തുന്നത്.