രജനീകാന്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 2.0. അടുത്തവർഷം എത്തുന്ന ചിത്രം 2010ൽ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമാണ്.
എന്നാൽ ഈ ചിത്രത്തിൽ രജനീകാന്ത് അഭിനയിക്കുന്ന വേഷം ചെയ്യാൻ രജനിതന്നെ ആമിർ ഖാനോട് ആവശ്യപ്പെട്ടിരുന്നതായി ആമിർ വെളിപ്പെടുത്തി. തനിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ചിത്രത്തിലെ പ്രധാന വേഷം ആമിർ ചെയ്യണമെന്നുമായിരുന്നു രജനിയുടെ ആവശ്യം. സിനിമയുടെ സ്ക്രിപ്റ്റും ആമിറിനു വായിക്കാൻ നൽകിയിരുന്നു. എന്നാൽ ആമിർ ഈ വേഷം ഏറ്റെടുക്കാൻ തയാറായിരുന്നില്ല.
സ്ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോൾ 2.0 ഇതുവരെയുള്ള സിനിമ റിക്കാർഡുകളെയെല്ലാം തകർക്കുമെന്ന് ആമിറിന് ഉറപ്പായത്രേ. പക്ഷേ അതിലെ പ്രധാന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ രജനീകാന്തിനു മാത്രമേ സാധിക്കൂ എന്ന് ആമിറിന് തോന്നി. സിനിമയെക്കുറിച്ച് ആലോചിച്ച് ഓരോ തവണയും കണ്ണടയ്ക്കുന്പോൾ ആ കഥാപാത്രമായി രജനീകാന്തിനെ മാത്രമേ ആമിറിന് കാണാൻ കഴിയുന്നുള്ളൂ. അതുകൊണ്ട് രജനീകാന്തിന്റെ അഭ്യർഥന ആമിർ സ്നേഹപൂർവം നിരസിക്കുകയായിരുന്നു.