പുതിയ ചിത്രം ലാൽ സിംഗ് ഛദ്ദയുടെ ചിത്രീകരണത്തിനായി ആമിർഖാൻ കേരളത്തിലെത്തി. ഡിസംബർ 14നാണ് താരം മൂന്നാറിൽ എത്തിയത്. മൂന്നാർ ചൊക്കനൂർ-വട്ടക്കാട് മലനിരകളുടെ അടിവാരത്തായിരുന്നു ചിത്രീകരണം. ഇത്രെയും പെർഫക്ടായ ലൊക്കേഷൻ തന്റെ സിനിമയ്ക്ക് ലഭിക്കില്ലെന്നാണ് താരം മൂന്നാറിനെക്കുറിച്ച് പറഞ്ഞത്. ആരാധകർക്കൊപ്പം സെൽഫിയും എടുത്തതിന് ശേഷമാണ് താരം ഇവിടെ നിന്നും മടങ്ങിയത്.
സിനിമയുടെ ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനായി കൊല്ലത്തേക്ക് പോയ ആമിർ ഖാൻ ചങ്ങനാശേരിയിൽ വഴി സൈഡിൽ കൂടി ജോഗിംഗ് ചെയ്തത് പ്രദേശവാസികളെ അമ്പരപ്പിച്ചിരുന്നു. പാലത്ര-ളായിക്കാട് ബൈപ്പാസ് റോഡിൽ കൂടിയാണ് താരം ജോഗിംഗ് ചെയ്തത്. താരത്തിനൊപ്പം അംഗരക്ഷകരും ഉണ്ടായിരുന്നു.
നാട്ടുകാർക്ക് ആദ്യം ഒന്നും മനസിലായില്ല. എല്ലാവരെയും നോക്കി കൈവീശി കാണിച്ച താരം കാറിൽ കയറി യാത്ര തുടർന്നു. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ബോളിവുഡ് റീമേക്കാണ് ലാൽ സിംഗ് ഛദ്ദ.