കൊച്ചി: അതിക്രൂരമായി നടത്തിയ കൊലപാതകത്തിന്റെ ശിക്ഷയായി തൂക്കുകയർ വിധിച്ചപ്പോഴും നിർവികാരനായി നിൽക്കുകയായിരുന്നു അമീറുൾ ഇസ് ലാം. കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയ ദിവസം താൻ നിരപരാധിയാണെന്ന് ആക്രോശിച്ച അമീറുളിനെയല്ല ഇന്നലെ കണ്ടത്. ശാന്തനായി വിധിവാചകം കേൾക്കുന്ന പ്രതിയെയായിരുന്നു.
കുറ്റങ്ങൾ ഓരോന്നായി നിരത്തി അതിനുള്ള ശിക്ഷകൾ പറഞ്ഞ ജഡ്ജി ഒടുവിലാണു വധശിക്ഷ വിധിച്ചത്. ആസാം സ്വദേശിയായ അമീറുളിന്റെ ഭാഷയിൽ പ്രതിഭാഗത്തെ ജൂണിയർ വക്കീൽ വിധിവാചകങ്ങൾ പരിഭാഷപ്പെടുത്തി. വധശിക്ഷ എന്നു കേട്ടതോടെ ഒള്ളൊന്നു പിടഞ്ഞതിന്റെ ലക്ഷണം മുഖത്തു കണ്ടെങ്കിലും അത് ഒരു നിമിഷത്തേക്കു മാത്രം.
പിന്നയങ്ങോട്ടു യാതൊരു ഭാവഭേദവുമില്ലാതെയാണ് അമീറുൾ കോടതിമുറിയിൽ നിന്നത്. പോലീസ് ജീപ്പിൽ ജയിലിലേക്കു പുറപ്പെടുന്പോഴും വികാരരഹിതമായിരുന്നു പ്രതിയുടെ മുഖം. പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ പലവട്ടം ശ്രമിച്ചിട്ടും ഒരക്ഷരമുരിയാടിയില്ല.
വിധി കേൾക്കാൻ കോടതിയിലേക്ക് എത്തും മുൻപു കാക്കനാട് ജില്ലാ ജയിലിലും അമീറുൾ ശാന്തനായിരുന്നു. പതിവുപോലെ രാവിലെ ആറിനുതന്നെ എഴുന്നേറ്റു പതിവു ദിനചര്യകളെല്ലാം മുടക്കമില്ലാതെ ചെയ്തു. ഒൻപതോടെ കോടതിയിലേക്കു കൊണ്ടുപോകാനായി പോലീസ് സംഘം ജയിലിലെത്തി. ഗ്രേ കളർ ഷർട്ടും നീല ജീൻസും ധരിച്ച് അമീറുൾ ഒരുങ്ങി. തിരക്കിനിടയിൽ മറന്നതുകൊണ്ടോ എന്തോ കാലിൽ ചെരിപ്പുണ്ടായിരുന്നില്ല.
പത്തിന് അമീറുളുമായി പോലീസ് വാഹനം എറണാകുളം രാജേന്ദ്ര മൈതാനത്തിനു സമീപമുള്ള പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെത്തി. ചിത്രമെടുക്കാൻ മാധ്യമപ്രവർത്തകർ തിരക്കുകൂട്ടുന്പോൾ ഭാവഭേദമൊന്നുമില്ലാതെ താനല്ല കുറ്റക്കാരനെന്ന് അമീറുൾ മലയാളത്തിൽ പറഞ്ഞു. 11ന് വിധി പറയാനായി കോടതി ചേർന്നു.
ജഡ്ജിയുടെ ഇടതുഭാഗത്തു പിന്നിൽ പോലീസിന്റെ നടുവിലായാണ് അമീറുൾ വിധികേൾക്കാൻ നിന്നത്. ഏഴു മിനിറ്റിൽ വിധി പറയൽ പൂർത്തിയായി. മറ്റു നടപടിക്രമങ്ങൾ കഴിഞ്ഞ് ഒന്നരമണിക്കൂറിനുശേഷമാണു അമീറുളിനെ കോടതിയിൽനിന്നു പുറത്തേക്കു കൊണ്ടുവന്നത്. ഉടൻതന്നെ പ്രതിയേയും വഹിച്ചു പോലീസ് ജീപ്പ് വിയ്യൂർ ജയിൽ ലക്ഷ്യമാക്കി നീങ്ങി.
മേൽക്കോടതിയിലും തീരുമാനം മാറിയേക്കില്ല: സ്പെഷൽ പ്രോസിക്യൂട്ടർ
കൊച്ചി: സാഹചര്യത്തെളിവുകളെ ആശ്രയിച്ച കേസിൽ പരമാവധി തെളിവുകൾ കോടതി മുൻപാകെ ഹാജരാക്കാനായതാണു പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനായതെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ. സാഹചര്യത്തെളിവുകൾക്കൊപ്പം സയന്റിഫിക് തെളിവുകളും കേസിനു തുണയായി. ശരിയായ ദിശയിലാണ് അന്വേഷണം നടന്നത്.
ഒരുപാട് പ്രമാദമായ കേസായിരുന്നു ഇത്. ആ നിലയ്ക്ക് ഒത്തിരി ആക്ഷേപങ്ങളും ഉന്നയിക്കപ്പെട്ടു. ട്രയൽ കോടതി പ്രോസിക്യൂഷൻ തെളിവുകൾ അതേപടി സ്വീകരിച്ച കേസിൽ മേൽക്കോടതിയിൽ മറിച്ചൊരു തീരുമാനം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
നീതിപീഠത്തിൽ ദൈവത്തെ കണ്ടു: രാജേശ്വരി
കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ് ലാമിനു വധശിക്ഷ ലഭിച്ചതിൽ സന്തുഷ്ടി രേഖപ്പെടുത്തി ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും. താൻ ആഗ്രഹിച്ച ശിക്ഷതന്നെയാണു പ്രതിക്കു കിട്ടിയതെന്നു രാജേശ്വരി പറഞ്ഞു.
വിധി കേട്ടപ്പോൾ നീതിപീഠത്തിൽ ദൈവത്തെ കാണുകയായിരുന്നു. കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരോടും വധശിക്ഷ പ്രഖ്യാപിച്ച ജഡ്ജിയോടും ജിഷയ്ക്കു നീതി കിട്ടണമെന്ന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്ത എല്ലാവരോടും നന്ദിയുണ്ടെന്നും ഇടറിയ വാക്കുകളിൽ രാജേശ്വരി പറഞ്ഞു.
മരണം വരെ തൂക്കിലേറ്റണം
അമീറുൾ ഇസ്ലാമിനെതിരേ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 449, 342, 376, 376-എ, 302 എന്നീ വകുപ്പുകളനുസരിച്ചാണു ശിക്ഷവിധിച്ചത്. 302-ാം വകുപ്പനുസരിച്ചാണു മരണംവരെ തൂക്കിക്കൊല്ലാൻ വിധിച്ചത്.
ഭവനഭേദനത്തിനു 449-ാം വകുപ്പുപ്രകാരം ഏഴുവർഷം കഠിനതടവും 15,000 രൂപ പിഴയുമാണു ശിക്ഷ. അന്യായമായി തടഞ്ഞുവച്ചതിന് 342-ാം വകുപ്പനുസരിച്ച് ഒരുവർഷം കഠിനതടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ചു. 376-ാം വകുപ്പ് ബലാത്സംഗത്തിനുള്ള ശിക്ഷയാണ്. 10 വർഷം കഠിനതടവും 25,000 രൂപ പിഴയുമാണു വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവ്. ബലാത്സംഗത്തിനിടയ്ക്കു കൊലപാതകം സംഭവിച്ചാൽ ചുമത്തുന്നതാണു 376-എ വകുപ്പ്. ജീവിതകാലം മുഴുവൻ തടവും 25,000 രൂപ പിഴയുമാണു ശിക്ഷ. വിവിധ വകുപ്പുകളിലായി ഇയാൾ 91,000 രൂപ പിഴ ഒടുക്കണം.
വിധിയെ സ്വാഗതം ചെയ്ത് ജിഷയുടെ നാട്
പെരുന്പാവൂർ: ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിനു കോടതി വധശിക്ഷ വിധിച്ചതിനെ സ്വാഗതം ചെയ്ത് പെരുന്പാവൂർ നിവാസികൾ. ആഗ്രഹിച്ച ശിക്ഷയാണ് അമീറുളിനു കിട്ടിയതെന്നു പ്രതിയെ പിടികൂടുന്നതിനുവേണ്ടി സമരരംഗത്ത് ഇറങ്ങിതിരിച്ച വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികളും പ്രദേശവാസികളും ഒന്നടങ്കം പറഞ്ഞു.
നിഷ്പക്ഷമായ അന്വേഷണമാണ് പരമാവധി ശിക്ഷതന്നെ പ്രതിക്ക് വാങ്ങിക്കൊടുക്കാൻ കാരണമായതെന്ന അഭിപ്രായക്കാരാണ് ഇവർ. എങ്കിലും അന്വേഷണ ഘട്ടത്തിലുണ്ടാക്കിയ ബുദ്ധിമുട്ടുകൾ ഇനിയും മനസിൽനിന്നു മാഞ്ഞിട്ടില്ലെന്ന് ചിലർ പറയുന്നു. അന്വേഷണം പലഘട്ടത്തിലും വഴിതിരിഞ്ഞു പോയപ്പോഴൊക്കെ ഘാതകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളും രാഷ്ട്രീയ, സാമൂഹിക സംഘടനകളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
അന്വേഷണസംഘത്തിന്റെ വിജയം
കൊച്ചി: കേരള മനഃസാക്ഷിയെ നൊന്പരപ്പെടുത്തിയ ജിഷ വധക്കേസിൽ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വാങ്ങിക്കൊടുക്കാനായത് അന്വേഷണം നടത്തിയ പോലീസ് സംഘത്തിന്റെ വിജയംതന്നെ. മറ്റു കേസുകളിലെപോലെ കെട്ടിച്ചമയ്ക്കലോ കൃത്രിമത്വമോ ഉണ്ടായില്ല. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കൂട്ടിയിണക്കി കൃത്യതയാർന്ന അന്വേഷണം. അന്നത്തെ ഐജി ബി.സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി 18 ദിവസത്തിനുള്ളിൽ പ്രതിയെ പിടിക്കാനായതും അന്വേഷണത്തിലെ മികവുകൊണ്ടാണ്.
അഭ്യൂഹങ്ങളും അബദ്ധങ്ങളും നിറഞ്ഞ ആദ്യഘട്ട അന്വേഷണത്തിന്റെ പാളിച്ചകൾ പരിഹരിച്ചാണ് പുതിയ അന്വേഷണ സംഘത്തിന് രൂപം നൽകിയത്. സാഹചര്യ തെളിവുകൾക്കപ്പുറം ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്തിയുള്ള അന്വേഷണമായിരുന്നു പിന്നിടങ്ങോട്ട്. ആദ്യ സംഘത്തിന് കണ്ടെത്താൻ കഴിയാതെപോയ നിർണായകമായ തെളിവുകൾ ശേഖരിക്കാൻ പുതിയ സംഘത്തിനായി.
കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തിലും വസ്ത്രത്തിലും വാതിൽപ്പടിയിലുമൊക്കെ കണ്ടെടുത്ത പ്രതിയുടേത് എന്ന് സംശയിക്കുന്ന ഡിഎൻഎ സാന്പിളുകൾ അടിസ്ഥാനമാക്കി നീങ്ങിയ സംഘത്തിന് വളരെ വേഗത്തിൽ പ്രതിയിലേക്ക് എത്താനായി.
മികച്ച അന്വേഷണമാണ് പോലീസ് നിർവഹിച്ചതെന്ന കോടതിയുടെ പരാമർശം നേടിയെടുക്കാനായത് ചെറിയ കാര്യമല്ല. പല കേസുകളിലും കെട്ടിച്ചമച്ച തെളിവുകളുമായെത്തുന്ന പോലീസിനു കോടതിയുടെ വിമർശനം ഏൽക്കേണ്ടിവന്ന അനുഭവമാണ് മുന്പ് ഉണ്ടായിട്ടുള്ളത്. എന്നാൽ ജിഷവധക്കേസിൽ പോലീസിന്റെ സത്യസന്ധതയെയും കർമോത്സുകതയെയും കോടതി വാനോളം പ്രശംസിച്ചു. കൃത്യമായി തെളിവുകൾ സൃഷ്ടിക്കാനുള്ള സാഹചര്യമുണ്ടായിട്ടുപോലും പോലീസ് അതിനു തുനിഞ്ഞില്ലെന്നുവരെ ഒരുഘട്ടത്തിൽ കോടതി പറഞ്ഞു.
76 ദിവസമാണു പ്രോസിക്യൂഷൻ വാദം നടന്നത്. ഒരു ഘട്ടത്തിലും പോലീസ് നിരത്തിയ തെളിവുകൾ തെറ്റാണെന്ന് സ്ഥാപിക്കാൻ പ്രതിഭാഗത്തിനായില്ല. പോലീസ് സമർപ്പിച്ച നൂറു സാക്ഷിമൊഴികളും 290 രേഖകളും 36 തൊണ്ടിമുതലും അടിസ്ഥാനമാക്കി എട്ടു ദിവസം നടന്ന അന്തിമ വാദത്തിലും പ്രതിഭാഗം നിഷ്ക്രിയമായിരുന്നു. അത്ര ശക്തമായിരുന്നു തെളിവുകൾ. ജിഷവധക്കേസിന്റെ വിജയത്തിന് പിന്നിൽ നിലകൊണ്ട അന്വേഷണസംഘത്തെ മുഖ്യമന്ത്രിയും പ്രശംസിച്ചു.