ബിജെപിയ്ക്ക് ഒരിക്കലും കള്ളപ്പണക്കാരുടെയും പണച്ചാക്കുകളുടെയും പണം പാര്‍ട്ടി പ്രവര്‍ത്തനത്തിനായി ആവശ്യമില്ലെന്നും തങ്ങള്‍ അത് സ്വീകരിക്കില്ലെന്നും വ്യക്തമാക്കി അമിത് ഷാ. അതിന് പകരം പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രമായിരിക്കും തങ്ങള്‍ ആശ്രയിക്കുക എന്നും അമിത് ഷാ പറഞ്ഞു. ദീന്‍ദയാല്‍ ഉപാധ്യായയുടെ 51 ാം വാര്‍ഷികത്തോടനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘നമോ ആപ്’ വഴി രാജ്യത്തെ ഓരോ ബൂത്തിലെയും രണ്ടു പ്രവര്‍ത്തകര്‍ 1000 രൂപ സംഭാവന ചെയ്യും. പാര്‍ട്ടിയെ തങ്ങള്‍ ചലിപ്പിക്കുമെന്ന് അഭിമാനത്തോടെ പറയാന്‍ പ്രവര്‍ത്തകര്‍ തയാറാകണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തനത്തിനും തെരഞ്ഞെടുപ്പ് ചെലവിനുമുള്ള മുഴുവന്‍ ഫണ്ടും പ്രവര്‍ത്തകരില്‍നിന്ന് കണ്ടെത്തുമെന്ന് പറയാന്‍ പാര്‍ട്ടി അധ്യക്ഷന് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ഫണ്ട് ശുചീകരണത്തിന് ബി.ജെ.പി നേതൃത്വം കൊടുക്കും. പണച്ചാക്കുകള്‍ക്കും കള്ളപ്പണക്കാര്‍ക്കും പിന്നാലെ നടന്നാല്‍ നമ്മുടെ വഴി പിഴക്കുമെന്നും ലക്ഷ്യം തെറ്റുമെന്നും അമിത് ഷാ പറഞ്ഞു.
അംബാനി അദാനിമാരുടെ ക്ഷേമത്തിനുവേണ്ടി മാത്രമാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ അമിത് ഷായുടെ ഈ വാക്കുകള്‍ ചര്‍ച്ചയായിരിക്കുകയാണ്.