ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയെ ചൊല്ലിയുള്ള ബി.ജെ.പിയിലെ തര്‍ക്കം മുറുകുന്നതിനിടെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ പേജില്‍ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍.
പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ശ്രീധരന് പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തോല്വിയുറപ്പാണെന്നുമെല്ലാമാണ് പേജില്‍ കമന്റ് വരുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയ്ക്ക് എതിരെ വ്യാപക പ്രതിഷേധവും പേജില്‍ ഉയരുന്നുണ്ട്.
പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ളയുടെ രാഷ്ട്രീയം വേണ്ടെന്നും പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യത്തില്‍ നിന്നും സ്വമേധയാ വിട്ടു നില്‍ക്കണമെന്നുമാണ് സുരേന്ദ്രനെ അനുകൂലിക്കുന്നവരുടെ പ്രധാന ആവശ്യം.
ശബരിമല വിവാദവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം ബി.ജെ.പിക്ക് അനുകൂലമാണെന്ന വിലയിരുത്തലിലാണ് പത്തനംതിട്ട സീറ്റിനായി അവകാശവാദമുയരുന്നത്.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും നേരത്തെ പത്തനംതിട്ട സീറ്റ് വേണമെന്നാവശ്യം മുന്നോട്ട് വെച്ചിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് അനുശോചനമറിയിച്ചുള്ള അമിത് ഷായുടെ പോസ്റ്റിനടിയ്ല് പോലും ഈ ആവശ്യമാണ് കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.