നിയാസ് മുസ്തഫ
കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്പോൾ ബിജെപി എംഎൽഎമാരെ അടർത്തിയെടുക്കാൻ കോൺഗ്രസ്-ജെഡിഎസ് സഖ്യവും ശ്രമം ആരംഭിച്ചു. ബിജെപിയിലെ അസംതൃപ്തരായ അഞ്ച് എംഎൽഎമാർ തങ്ങളെ സമീപിച്ചിരുന്നതായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനശ് ഗുണ്ടു റാവു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവരെ കോൺഗ്രസ് പാളയത്തിലെത്തിക്കാനാണ് കോൺഗ്രസും ജെഡിഎസും ശ്രമം തുടങ്ങിയത്.
ബിജെപിയിലെ 104 എംഎൽഎമാരുടെ സംഘം ഹരിയാനയിലെ റിസോർട്ടിൽ തുടരുകയാണ്. ഒരു തരത്തിലും കോൺഗ്രസ്-ജെഡിഎസ് സഖ്യം തങ്ങളുടെ എംഎൽഎമാരെ അടർത്തിയെടുക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ ബിജെപിയും നടത്തുന്നുണ്ട്. എംഎൽഎമാരുടെ ഫോണുകൾ ചോർത്തുന്നുണ്ട്. എംഎൽഎമാർ ആരുമായിട്ടെല്ലാം ബന്ധപ്പെടുന്നുണ്ടെന്നും നിരീക്ഷിക്കുന്നുണ്ട്.
കോൺഗ്രസും ജെഡിഎസും എംഎൽഎമാരോടെല്ലാം ബംഗളൂരുവിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ബിഡദിയിലുള്ള റിസോർട്ടിലേക്ക് മാറ്റുമെന്നാണ് വിവരം. എംഎൽഎമാരെ നിരീക്ഷിക്കാൻ മന്ത്രിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മുംബൈയിൽ ബിജെപി പാളയത്തിൽ എത്തിയെന്ന് കരുതുന്ന രമേഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് എംഎൽഎമാരുടെ സംഘവുമായി കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാർ ചർച്ച നടത്തുന്നുണ്ട്. ഏഴ് കോണ്ഗ്രസ് എംഎൽഎമാരാണ് മുംബൈയിൽ ഉള്ളതെന്നാണ് വിവരം.
ഇതിൽ രണ്ടുപേർ ബിജെപിക്കു വേണ്ടി പ്രവർത്തിക്കുമെന്ന നിലപാട് സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. സ്വതന്ത്ര എം എൽ എ എച്ച്. നാഗേഷ്, കെപിജെപി അംഗം ആർ. ശങ്കർ എന്നിവർ സർക്കാരിനു പിന്തുണ പിൻവലിക്കുന്നുവെന്നു കാണിച്ച് ഗവർണർ വാജുഭായ് വാലയ്ക്കു ഇന്നലെ കത്തയച്ചിരുന്നു.
അങ്ങനെ വന്നാൽ ഇന്നലെ സർക്കാരിനു പിന്തുണ പിൻവലിച്ച രണ്ടുപേരുടെയും രണ്ട് കോൺഗ്രസ് എംഎൽഎമാരുടെയും പിന്തുണ ബിജെപിക്കു ലഭിക്കും. ഫലത്തിൽ സർക്കാരിനു നാല് എംഎൽഎമാരുടെ പിന്തുണ നഷ്ടപ്പെട്ടു. സർക്കാർ വീഴുമെന്ന പ്രതീതി സൃഷ്ടിച്ചതോടെ കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരിലും ചാഞ്ചാട്ടം തുടങ്ങിയിട്ടുണ്ട്.
ഇങ്ങനെയാണെങ്കിലും കർണാടക സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി കുറേക്കൂടി പരിശ്രമിക്കേണ്ടി വരും. അത്ര എളുപ്പത്തിൽ അതു സാധിക്കില്ല. കൂറുമാറിയാൽ അന്പതുകോടി രൂപയും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്ത് ജെഡിഎസ് എംഎൽഎമാരെ ബിജെപി നേതാക്കൾ കഴിഞ്ഞ ദിവസം സമീപിച്ചതായി കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.
അതേസമയം, കർണാടകയിൽ സർക്കാരുണ്ടാക്കിയില്ലെങ്കിലും ഭരണ പ്രതിസന്ധി സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. വെടക്കാക്കി തനിക്കാക്കുക എന്ന രീതിയിലാണ് അദ്ദേഹം കരുക്കൾ നീക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഭരണത്തിൽ പ്രതിസന്ധി വന്നാൽ അത് കോൺഗ്രസിനെയും ജെഡിഎസിനെയും അല്പം ബുദ്ധിമുട്ടിലാക്കുമെന്ന് അമിത് ഷായ്ക്ക് അറിയാം. കർണാടകയിൽ സർക്കാരുണ്ടാക്കുക എന്നതിനപ്പുറം രാഷ്ട്രീയ പ്രതിസന്ധി ലോക്സഭാ തെരഞ്ഞെടുപ്പ് വരെ നീട്ടുക. അതുവഴി കോൺഗ്രസ്-ജെഡിഎസ് ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കുകയെന്നതും അമിത് ഷാ ലക്ഷ്യം വയ്ക്കുന്നു.
കർണാടകയിൽ ഏതു നിമിഷവും നിലം പൊത്താവുന്ന സർക്കാരിനെ നയിക്കുന്ന പാർട്ടികൾക്ക് വോട്ട് ചെയ്യാൻ വോട്ടർമാർ അല്പം മടിക്കുമെന്നും ഉറച്ച ഭരണം ഇല്ലെങ്കിൽ കോൺഗ്രസിനും ജെഡിഎസിനും ലോക്സഭാ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാനാവില്ലായെന്നും ബിജെപി കണക്കുകൂട്ടുന്നു. എന്തായാലും കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ഉടനെയൊന്നും തീർക്കാൻ ബിജെപി ആഗ്രഹിക്കുന്നില്ലായെന്നു തന്നെ വേണം കരുതാൻ.