ജയ്പുർ: അനധികൃത കുടിയേറ്റ വിഷയത്തിൽ കോണ്‍ഗ്രസിനെതിരേ വിമർശനവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ രംഗത്ത്. ബംഗ്ലാദേശിൽനിന്ന് അനധികൃതമായി കുടിയേറിയ എല്ലാവരെയും രാജ്യത്തുനിന്നു പുറത്താക്കുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കോണ്‍ഗ്രസിന്റെ പത്തു വർഷത്തെ ഭരണസമയത്ത് നുഴഞ്ഞുകയറ്റം തടയാൻ കാര്യമായി ഒന്നും ചെയ്തില്ല. കോണ്‍ഗ്രസിനു രാജ്യത്തെ സംരക്ഷിക്കാനോ വികസിപ്പിക്കാനോ കഴിയില്ല. ഈ വർഷം വസുന്ധരയ്ക്കായും അടുത്ത വർഷം നരേന്ദ്ര മോദിക്കായും വോട്ട് രേഖപ്പെടുത്തൂ. കന്യാകുമാരി മുതൽ കാഷ്മീർ വരെയും ഗുജറാത്ത് മുതൽ ആസാം വരെയുമുള്ള എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ബിജെപി സർക്കാർ പുറത്താക്കും- അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോളതലത്തിൽ ഇന്ത്യയുടെ അഭിമാനത്തിനായി പ്രയത്നിക്കുകയാണെന്നും ഭരണത്തിൽ തിരിച്ചെത്തുന്നതു സംബന്ധിച്ചു കോണ്‍ഗ്രസ് സ്വപ്നം കാണുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.