തെരഞ്ഞെടുപ്പൊക്കെ അടുക്കുന്ന സമയത്ത് ഏത് തരത്തിലുള്ള പരീക്ഷണങ്ങളും ജയത്തിനുവേണ്ടി സ്ഥാനാര്‍ത്ഥികള്‍ പരീക്ഷിക്കാറുണ്ട്. ഈശ്വരവിശ്വാസികളാണെങ്കില് പ്രത്യേകിച്ചും. സമയം തങ്ങള്‍ക്കനുകൂലമാക്കാനായി പല തരത്തിലുള്ള പരീക്ഷങ്ങളും നടത്താനും അവര്‍ തയാറാവും.
സമാനമായ രീതിയില്‍ ഇപ്പോഴിതാ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ആശങ്കയില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്സിലെ അഞ്ചാം നിലയിലെ ഓഫീസ് ഉപേക്ഷിച്ച് ഗ്രൗണ്ട് ഫ്ളോറിലെ അതിഥി വിശ്രമ കേന്ദ്രത്തിലേക്ക് മാറിയിരിക്കുകയാണ്.
പ്രമുഖനായ ജ്യോതിഷന്റെ വാക്കിലുള്ള വിശ്വാസം കൊണ്ടാണ് അമിത് ഷായുടെ സ്ഥാനമാറ്റം. അഞ്ചാം നിലയിലെ ഓഫീസ് പാര്‍ട്ടിക്ക് അത്ര ഐശ്വര്യമല്ലെന്നാണ് പാര്‍ട്ടിയുടെ തന്നെ കണ്ടെത്തല്‍. ജ്യോതിഷന്റെ ഉപദേശം കൂടിയായതോടെ പാര്‍ട്ടി അധ്യക്ഷന്‍ താഴത്തേക്ക് ഇറങ്ങുകയായിരുന്നു.
ഡല്‍ഹിയിലെ അശോക റോഡിലുള്ള ബിജെപിയുടെ പഴയ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഇപ്പോഴും അമിത് ഷായുടെ ഓഫീസ് പ്രവര്‍ത്തന സജ്ജമാണ്. 2014ല്‍ ബിജെപിക്ക് വന്‍വിജയം സമ്മാനിച്ച സമയത്തെ പാര്‍ട്ടി ആസ്ഥാനം തന്നെയാണ് ഇത്തവണയും വാര് റൂം. ഇവിടെയാണ് അമിത് ഷാ പ്രധാനപ്പെട്ട ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നതും.
മേയ് 23നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നത്. അതുകൊണ്ട് ഈ സ്ഥാനമാറ്റം ഐശ്വര്യമുള്ളതാണോ എന്ന് കാത്തിരിക്കുകയാണ് അമിത്ഷായും കൂട്ടരും.