മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി എൻസിപി അധ്യക്ഷൻ ശരത് പവാർ രംഗത്ത്. ഒരു മറാത്തി ചാനലിന് നല്കിയ അഭിമുഖത്തിലൂടെയാണ് ശരത് പവാർ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ എൻസിപി-ബിജെപി സഖ്യമാകാമെന്ന് മോദി നിർദേശിക്കുകയായിരുന്നു. സുപ്രിയ സുലെയെ കേന്ദ്രമന്ത്രിയാക്കാമെന്ന നിർദേശവും മുന്നോട്ടു വച്ചു. എന്നാൽ സഖ്യത്തിന് തയാറല്ലെന്ന് അപ്പോൾത്തന്നെ താൻ അറിയിച്ചു. മോദിയുമായുള്ള വ്യക്തിബന്ധം മികച്ചതാണ്. അതങ്ങനെ തന്നെ തുടരുമെന്നും ശരത് പവാർ വ്യക്തമാക്കി.