ന്യൂഡൽഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിനായി (എൻപിആർ) ഒരു രേഖയും സമർപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. ആരെയും സംശയകരമായ പൗരത്വം എന്ന നിലയിൽ (ഡി-ഡൗട്ട്ഫുൾ) പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ നല്കിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ലെന്നും നിങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ നല്‍കുകയും മറ്റ് ചോദ്യങ്ങള്‍ ഒഴിച്ചിടുകയും ചെയ്യാമെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു.
എന്നാൽ, എൻപിആർ ചോദ്യാവലയിൽ പുതുതായി ഉൾപ്പെടുത്തിയ ചോദ്യങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തെക്കുറിച്ച് മന്ത്രി നിലപാട് വ്യക്തമാക്കിയില്ല.
ഡൗട്ട്ഫുൾ എന്ന വ്യവസ്ഥ ഒഴിവാക്കുമോയെന്ന കോൺഗ്രസിന്റെ ചോദ്യത്തിന് എൻപിആർ സംബന്ധിച്ച് ആരും ഭയപ്പെടേണ്ടതില്ല. ആരെയും ഡിയിൽ പെടുത്തില്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ മറുപടി.
പൗരത്വ നിയമവും എൻപിആറും ദേശീയ പൗര റജിസ്റ്ററും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചെന്നും അതു പരിഹരിക്കാൻ നടപടി വേണമെന്നും ഭരണപക്ഷത്തെ ശിരോമണി അകാലി ദൾ, നേരത്തെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച ബിജു ജനതാ ദൾ തുടങ്ങിയ കക്ഷികളും ആവശ്യപ്പെട്ടു.