ഒടുവില്‍ ഗത്യന്തരമില്ലാതെ അമിത് ഷാ അയയുന്നു. പൗരത്വ നിയമഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമവായത്തിലേക്ക് നീങ്ങുന്നതായി സൂചന. പൗരത്വ നിയമഭേദഗതിയില്‍ മാറ്റം ആലോചിക്കാമെന്ന് കേന്ദ്ര ആഭ്യാന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഷാ പറഞ്ഞു. റാഞ്ചിയിലെ ഒരു പൊതുയോഗത്തില്‍ വച്ചാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാപകമായ പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നത് എന്നാണ് സൂചന. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രിയുടെ നിര്‍ണായകമായ തീരുമാനമുണ്ടായിരിക്കുന്നത്.’കോണ്‍റാഡ് സാംഗ്മയും മന്ത്രിമാരും എന്നെ വെള്ളിയാഴ്ച വന്ന് കണ്ടിരുന്നു. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നോട് പറഞ്ഞു. പ്രശ്നങ്ങളൊന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ക്രിസ്തുമസിന് ശേഷം എന്നെ വന്ന് കാണുവാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.’ ഷാ പറയുന്നു.
നിയമഭേദഗതിയെച്ചൊല്ലി വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ പ്രതിഷേധം ശക്തി പ്രാപിച്ചു വരികയാണ്.ഇത് ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അമിത് ഷാ ഇത്തരമൊരു ചിന്തയിലേക്ക് എത്തിയിരിക്കുന്നത്.