ഇന്ത്യയിലെ ആഭ്യന്തര അഭയാര്‍ഥികള്‍ എന്നുവേണം കാഷ്മീരി പണ്ഡിറ്റുകളെ വിശേഷിപ്പിക്കാന്‍. കാഷ്മീരിലെ ഇസ്ലാമിക തീവ്രവാദത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ജീവനും കൊണ്ട് പലായനം ചെയ്തവര്‍. കൊള്ളയും കൊലയും തീവെപ്പും ബലാല്‍സംഗവും മൂലം പേടിച്ച് കാഷ്മീര്‍ താഴ്വര വിട്ടവര്‍. മൂന്നു ദശാബ്ദത്തിനു മുമ്പ് ഒരായുഷ്‌ക്കാലം കൊണ്ട് നേടിയതെല്ലാം ഉപേക്ഷിച്ച് സ്വന്തം നാട്ടില്‍ നിന്നും പുറത്തു പോകേണ്ടി വന്നവര്‍ ഇപ്പോള്‍ ജന്മനാട്ടിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ്.
ഡല്‍ഹിയില്‍ അടക്കമുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന കാഷ്മീരി പണ്ഡിറ്റുകളെ സ്വന്തം നാട്ടില്‍തന്നെ പുനരധിവസിപ്പിക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനുശേഷമുള്ള കശ്മീരിലെ സവിശേഷ സാഹചര്യത്തില്‍ ഈ തീരുമാനം പ്രശ്‌ന കലുഷിതമാവുമെന്ന് ആശങ്കയുണ്ടെങ്കിലും ആഭ്യന്തരമന്ത്രി അമിത്ഷാ അടക്കമുള്ളവര്‍ ഉറച്ച നിലപാടിലാണ്.
സ്വന്തം നാട്ടില്‍നിന്ന് ആട്ടിപ്പാപ്പായിപ്പിക്കപ്പെട്ട, ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള ഒരുപാട് പ്രതിഭാശാലികള്‍ക്ക് ജന്മം നല്‍കിയ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു.
രോഹിങ്ക്യകളെ സ്വീകരിക്കാന്‍ ഇന്ത്യയിലെ നിരവധി രാഷ്ട്രീയ-മത സംഘടനകള്‍ മുറവിളി കൂട്ടുമ്പോഴും കാഷ്മീരി പണ്ഡിറ്റുകളുടെ കാര്യം ഇവരൊക്കെ സൗകര്യപൂര്‍വം മറക്കുകയായിരുന്നു. ഇവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.പണ്ഡിറ്റുകള്‍ക്കായി താഴ്വരയിലെ 10 ജില്ലകളില്‍ പ്രത്യേക ടൗണ്‍ഷിപ്പുകള്‍ പണിയുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്നലെ ഉറപ്പുനല്‍കിയത് ദേശീയമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.
കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം നിവേദനം നല്‍കാന്‍ എത്തിയപ്പോള്‍ ആയിരുന്ന ഷായുടെ പ്രതികരണം. ഡോ സുരീന്ദര്‍ കൗണ്‍, കേണല്‍ താജ് ടിക്കു തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് എത്തിയത്.കശ്മീരില്‍ ഭീകരര്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ പുനര്‍ നിര്‍മ്മിക്കുമെന്നും അമിത്ഷാ പറഞ്ഞു. പലായനം ചെയ്ത പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് മുന്‍ഗണന നല്‍കാമെന്ന് സംഘം അഭ്യര്‍ത്ഥിച്ചു. പണ്ഡിറ്റുകള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ പ്രായപരിധിയില്‍ ഇളവുനല്‍കും.
കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാനും നടപടി എടുക്കുമെന്നും അമിത്ഷാ വ്യക്തമാക്കി. ഒരു അഭയാര്‍ത്ഥി കുടുംബത്തിന് 13,000 രൂപ മാസം സഹായം നല്‍കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. മുമ്പു പലതവണ പല സര്‍ക്കാരുകളും ഇക്കാര്യങ്ങള്‍ തീരുമാനിച്ചതാണെങ്കിലും വിഘടനവാദികളുടെയും മതമൗലീകവാദികളുടെയും എതിര്‍പ്പു മൂലം അത് നടക്കാതെ പോവുകയായിരുന്നു.
2015ഏപ്രിലില്‍ ഇതേ നീക്കം വന്നപ്പോള്‍, അതിനെ കശ്മീര്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുയായിരുന്നു. അന്നത്തെ കശ്മീര്‍ മുഖ്യമന്ത്രി മുഫ്ത്തി മുഹമ്മദ് സയീദ് പറഞ്ഞത് ഈ പദ്ധതി അപ്രായോഗികം ആണെന്നായിരുന്നു. ജനങ്ങളെ രണ്ടായി തിരിച്ചുള്ള പദ്ധതി അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
രാഷ്ട്രത്തിന്റെയും സംസ്ഥാനത്തിന്റെയും ദേശീയോദ്ഗ്രഥനത്തെ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നാണ് നാഷനല്‍ കോണ്‍ഫ്രന്‍സ് ആ സമയത്ത് പ്രതികരിച്ചത്. രാജ്യത്ത് സങ്കീര്‍ണമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് നാഷനല്‍ കോണ്‍ഫ്രന്‍സ് നേതാവ് അലി മുഹമ്മദ് സാഗര്‍ പറഞ്ഞത്.
പദ്ധതിയെ വിമര്‍ശിച്ച് കാശ്മീര്‍ വിഘടനവാദി നേതാവ് യാസീന്‍ മാലിക്കും രംഗത്തെത്തി. സംസ്ഥാനത്ത് മതത്തിന്റെ പേരില്‍ പ്രത്യേക കോളനികള്‍ നിര്‍മ്മിക്കുന്നത് ഇസ്രയേലിലെ പോലെ വെറുപ്പിന്റെ മതില്‍ നിര്‍മ്മിക്കുമെന്ന് വിഘടനവാദി നേതാവ് യാസീന്‍ മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.
കാശ്മീരി പണ്ഡിറ്റുകള്‍ ഇവിടെ സന്തോഷകരമായിട്ടാണ് ജീവിക്കുന്നത്. മുഖ്യമന്ത്രിയും ആര്‍എസ്എസും ചേര്‍ന്ന് തീകൊണ്ടാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് മാത്രമായി പ്രത്യേകം കോളനി നിര്‍മ്മിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പിഡിപി നേതാവ് നഈം അക്തര്‍ പറഞ്ഞിരുന്നു.
ഇതോടെയാണ് പദ്ധതി പെരുവഴിയിലായത്. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിപക്ഷത്തില്‍നിന്നുപോലും കാര്യമായ പ്രതിഷേധം ഉയര്‍ന്നിട്ടില്ല. യാസീന്‍ മാലിക്കിനെയും ഗീലാനിയെും മിര്‍വായിസ് ഉമര്‍ ഫാറൂഖിനെയും പോലുള്ള വിഘടനവാദി നേതാക്കള്‍ ഇതിനെതിരേ രംഗത്തു വരുമെന്നുറപ്പാണ്. മോദിയും അമിത്ഷായും ഇച്ഛാശക്തി കാട്ടിയെങ്കില്‍ മാത്രമേ പദ്ധതി യാഥാര്‍ഥ്യമാകുകയുള്ളൂ, അതുവഴി ജന്മനാട്ടിലേക്കുള്ള കാഷ്മീരി പണ്ഡിറ്റുകളുടെ മടക്കവും.