ന്യൂഡൽഹി: ആസാമിലെ ദേശീയ പൗരത്വ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടലിനു ശേഷം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി വീണ്ടും കൊമ്പുകോർക്കുന്നു. കോൽക്കത്തയിൽ ഈ മാസം 11 ന് നടത്താൻ നിശ്ചയിച്ച റാലിക്ക് അനുമതി നിഷേധിച്ചതാണ് ഷായെ ചൊടുപ്പിച്ചത്.
കോൽക്കത്തയിൽ താൻ എത്തുമെന്നും പോലീസ് തന്നെ അറസ്റ്റ് ചെയ്യട്ടെയെന്നായിരുന്നു ഷായുടെ വെല്ലുവിളി. റാലി നടത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും ഷാ പ്രതികരിച്ചു.
എന്നാൽ ബിജെപി അധ്യക്ഷന്റെ വെല്ലുവിളി പുറത്തുവന്നതിനു പിന്നാലെ റാലിക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി കോൽക്കത്ത പോലീസ് രംഗത്തുവന്നു. റാലിക്ക് നേരത്തെ തന്നെ അനുമതി നൽകിയിരുന്നതാണ്. സാമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹം പരന്നതുകൊണ്ടാണ് വിശദീകരണം നൽകുന്നതെന്നും കോൽക്കത്ത പോലീസ് അറിയിച്ചു.