ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സമൂഹമാധ്യമ ഇടപെടലുകൾ ശക്തമാക്കാൻ ബിജെപി നേതൃത്വം ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി വൻതോതിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് ബിജെപി സോഷ്യൽമീഡിയ സെൽ രൂപംനൽകി തുടങ്ങി. ഡൽഹിയിൽമാത്രം ഇതേവരെ 1800 വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഈ 1800 ഗ്രൂപ്പുകളിലും അംഗമാണ്. പ്രവർത്തകരിലേക്ക് നേരിട്ടു സന്ദേശം എത്തിക്കുന്നതും വ്യാജവാർത്തകൾ തടയുന്നതുമാണ് ഈ ഗ്രൂപ്പുകളുടെ ലക്ഷ്യമെന്ന് ഡൽഹി ബിജെപി സോഷ്യൽമീഡിയ യൂണിറ്റ് ഇൻ ചാർജ് നീൽകാന്ത് ബക്ഷി അറിയിച്ചു. ഇനിയും കൂടുതൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അമിത് ഷായ്ക്കു പുറമേ ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരിയെയും ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ചേർന്ന യോഗത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരേ പാർട്ടി പ്രസിഡന്റ് ശക്തമായ മുന്നറിയിപ്പ് നൽകിയെന്നാണ് പ്രവർത്തകർ പറയുന്നത്.
വ്യാജവാർത്തകൾ ബിജെപിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അമിത് ഷാ പറഞ്ഞതായി പാർട്ടി വൃത്തങ്ങൾ പറയുന്നു.