കോട്ടയം: കോട്ടയം സ്വദേശിയായ മധ്യവയസ്കന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് അക്കൗണ്ടിൽ ഉണ്ടായിരുന്ന രണ്ടേമുക്കാൽ ലക്ഷത്തിൽപ്പരം രൂപ തന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുത്ത കേസിൽ ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. അമിത് ഉറാങ്ങ് (23) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
മധ്യവയസ്കന്റെ വീട്ടിൽ ജോലി ചെയ്തു വന്നിരുന്ന ഇയാൾ അവിടെനിന്നു മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയും തുടർന്ന് അക്കൗണ്ടിൽ ഉണ്ടായിരുന്ന 2,78,748 രൂപ തന്റെ അക്കൗണ്ടിലേക്ക് ഫോൺ മുഖേന ട്രാൻസ്ഫർ ചെയ്തു തട്ടിയെടുക്കുകയായിരുന്നു.
പരാതിയെത്തുടർന്ന് വെസ്റ്റ് പോലീസ് കേസെടുത്ത് നടത്തിയ പരിശോധനയിൽ പണം അമിതിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.
മോഷണം പോയ മൊബൈൽ ഫോൺ പോലീസ് ഇയാളിൽനിന്നു കണ്ടെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.