അനിൽ സർക്കാർ.എ
കഴിഞ്ഞ മാസം 11നാണ് ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും സൂപ്പർതാരം അമിതാഭ് ബച്ചൻ തന്റെ 75-ാം പിറന്നാൾ ആഘോഷിച്ചത്. മുൻകാലത്തെപ്പോലെ ആർഭാടം നിറഞ്ഞ പാർട്ടികളില്ലായിരുന്നു. കുടുംബത്തോടൊത്ത് സ്വകാര്യമായ ആഘോഷം മാത്രം. ഏതാണ്ട് ഒരുമാസത്തിനുശേഷം ഈ നവംബർ 13ന് അദ്ദേഹം ട്വിറ്ററിൽ ഒരു ചിത്രവും ഗൃഹാതുരത്വം കലർന്ന ഏതാനും വരികളും എഴുതി. കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ വില്ലന്റെ ലക്ഷ്യം തെറ്റിയെത്തിയ ഇടിയേറ്റ പരിക്കിൽ മരണത്തെ മുഖാമുഖം കണ്ട് ആശുപത്രിയിൽ കഴിഞ്ഞ കാലത്തെക്കുറിച്ചായിരുന്നു ആ വരികൾ. ചിത്രത്തിലെ സംഘട്ടന രംഗത്തിന്റെ ഫോട്ടോയായിരുന്നു വരികൾക്കൊപ്പം ഉണ്ടായിരുന്നത്. ഏതാണ്ട് മരിച്ചുവെങ്കിലും ഞാൻ അതിജീവിച്ചു, തിരിച്ചു വന്നു… എന്നെ വീഴ്ത്തിയ ഇടിയെ ഞാൻ ഇടിച്ചു വീഴ്ത്തി എന്നിങ്ങനെ പ്രത്യാശ സ്ഫുരിക്കുന്ന വാക്കുകൾ. അപകടത്തെപ്പറ്റി മുന്പ് പല പ്രാവശ്യം അഭിമുഖങ്ങളിൽ പരാമർശിക്കാറുണ്ടെങ്കിലും 35 വർഷത്തിനുശേഷം ഇങ്ങനെ വൈകാരികത കലർന്ന വരികൾ കുറിച്ചത് ആരാധകരെ അദ്ഭുതപ്പെടുത്തി.
1982ലാണ് കൂലി എന്ന ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ അതീവ ഗുരുതരമായി പരിക്കേറ്റ നിലയിൽ അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വാർത്തകേട്ട് രാജ്യമെങ്ങുമുള്ള ആരാധകർ ഒരു നിമിഷം ശ്വാസം നിലച്ച അവസ്ഥയിലായി. ദേവാലയങ്ങളിൽ പ്രാർഥനകൾ നിറഞ്ഞു. അമേരിക്കയിലേക്ക് പോകാൻ തയാറെടുക്കുകയായിരുന്ന ബാല്യകാല സുഹൃത്ത് രാജീവ് ഗാന്ധി യാത്ര റദ്ദാക്കി ബച്ചനരികിലേക്ക് പാഞ്ഞു. ഇന്ദിരാഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ ആശുപത്രിയിലെത്തി ബച്ചനെ കണ്ടു. ആറു മാസത്തിനുശേഷം അമിതാഭ് ബച്ചൻ മരണമുഖത്തു നിന്നു തിരിച്ചെത്തി.
പുനീത് എന്ന പുതുമുഖം
സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ മൻമോഹൻ ദേശായി തന്റെ മുന്നിൽ നിൽക്കുന്ന പുനീത് ഇസാർ എന്ന ചെറുപ്പക്കാരനെ ആകെയൊന്നു നോക്കി. ഒത്ത ഉയരം, അതിനുതക്ക ബലിഷ്ഠമായ ശരീരം. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് ഉള്ള അയാൾ കാഴ്ചയിൽ തന്നെ അഭ്യാസിയാണെന്ന് വിളിച്ചു പറഞ്ഞിരുന്നു. നസീബ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ആ കൂടിക്കാഴ്ച. തന്റെ പിതാവിന്റെ സുഹൃത്തിന്റെ ശിപാർശയിലാണ് പുനീത് മൻമോഹൻ ദേശായിയെ കണ്ടത്. സിനിമാ മോഹവുമായി പലരേയും പുനീത് സമീപിച്ചിരുന്നു. ചിലർ ചെറിയ റോളുകൾ വാഗ്ദാനം ചെയ്തിരുന്നു. പുനീതിനെ ദേശായിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ കൂലി എന്ന ചിത്രത്തിലേക്ക് പുനീത് കരാർ ചെയ്യപ്പെട്ടു.
1982 ജൂലൈ 26ന് തന്റെ ആദ്യരംഗത്തിന്റെ ചിത്രീകരണത്തിനായി ബംഗളൂരുവിലുള്ള ലൊക്കേഷനിൽ പുനീത് തയ്യാറായി. സംഘട്ടനരംഗമാണ് ചിത്രീകരിക്കുന്നത്. നിരവധി തവണ റിഹേഴ്സലുകൾ നടത്തി ഒടുവിൽ സംവിധായകൻ ആക്ഷൻ പറഞ്ഞു. റിഹേഴ്സലുകളുടെ കൃത്യതയെ തെറ്റിച്ചുകൊണ്ട് വിധി പുനീതിന്റെ ഇടിയെ ദിശമാറ്റി വിട്ടു. ഇടിയേറ്റ അമിതാഭ് ബച്ചൻ തെറിച്ചു വീണത് ലോഹനിർമിതമായ ഒരു മേശയുടെ വക്കിലേക്ക്. അമിതാഭിന്റെ അടിവയർ തുളച്ചുകയറിയ ലോഹമുന കുടൽ മുറിച്ചു. അമിതാഭ് ബോധരഹിതനായി വീണു.
ഇന്ത്യയിൽ മാത്രമല്ല പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇറാക്കിലുംവരെ ആരാധകരെ സൃഷ്ടിച്ച അമിതാഭ് ബച്ചനെ ചോരയിൽ കുളിച്ച നിലയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് രക്തം വാർന്നുപോയ മുഖത്തോടെ പുനീത് ഇസാർ കണ്ടു നിന്നു. വീട്ടിൽ പോയി മുറിയടച്ചിരുന്ന പുനീത് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അമിതാഭിനെ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലേക്ക് മാറ്റിയെന്ന് വാർത്തകളിലൂടെ അറിഞ്ഞു. ബച്ചൻ മരിച്ചുവെന്ന രീതിയിലുള്ള വാർത്തകളും പ്രചരിച്ചു. പക്ഷെ ദിവസങ്ങൾക്കുശേഷം അപകടനില തരണം ചെയ്ത അമിതാഭ് ബച്ചൻ പുനീത് ഇസ്സാറിനെ ആശുപത്രിലേക്ക് വിളിപ്പിച്ചു. ഭാര്യക്കൊപ്പമാണ് പുനീത് ആശുപത്രിയിലെത്തിയത്.
പുനീതിനെ ആശ്വസിപ്പിച്ച ബച്ചൻ ഒരു കഥ പറഞ്ഞു. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ താൻ എറിഞ്ഞ ചില്ലുകഷ്ണം നടൻ വിനോദ് ഖന്നയുടെ കവിൾ മുറിച്ചതും നാല് തുന്നൽ ഇടേണ്ടിവന്നതും അമിതാഭ് വിവരിച്ചു. അത് വെറും ആക്സിഡന്റല്ലേ.. നീയെന്തിനു വിഷമിക്കണം എന്നാണ് അന്ന് വിനോദ് ഖന്ന അമിതാഭിനോട് പറഞ്ഞത്. അതേ വാചകം തന്നെ അമിതാഭ് ബച്ചൻ പുനീതിനോട് പറഞ്ഞു- വിഷമിക്കേണ്ട.. ഇത് വെറും ആക്സിഡന്റ്. ബച്ചന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങിയ പുനീതിനെ ഒരു കൂട്ടം സ്ത്രീകൾ വളഞ്ഞു. അമിതാഭിന്റെ ആരോഗ്യസ്ഥിതി എങ്ങനെയെന്നറിയാനാണ് അവർ വന്നത്. അമിതാഭിനെ ഇടിച്ചവനെ കൈയിൽ കിട്ടിയാൽ ശരിയാക്കുമെന്ന് കൂട്ടത്തിലൊരുവൾ വിളിച്ചു പറഞ്ഞു. പുനീതിനെ അവർ തിരിച്ചറിഞ്ഞില്ല. കാരണം അയാളുടെ ആദ്യസിനിമ പുറത്തിറങ്ങിയിരുന്നില്ലല്ലോ.
ആറുമാസത്തിനുശേഷം അമിതാഭ് തിരിച്ചെത്തി കൂലിയുടെ ചിത്രീകരണം പൂർത്തിയാക്കി. ചിത്രം വൻ ഹിറ്റായി. പക്ഷെ പുനീതിന് പിന്നെ കുറേക്കാലത്തേക്ക് ചിത്രങ്ങൾ കിട്ടിയില്ല. അമിതാഭ് ബച്ചനെ ഇടിച്ച് ആശുപത്രിയിലാക്കിയവൻ എന്ന ഇമേജ് അയാളെ വിടാതെ പിന്തുടർന്നു. മുന്പ് റോളുകൾ വാഗ്ദാനം ചെയ്തിരുന്നവർ പോലും പിന്മാറി. ആറുകൊല്ലത്തെ കാത്തിരിപ്പിനുശേഷം ബി.ആർ. ചോപ്രയുടെ മഹാഭാരത എന്ന സീരിയലിൽ ദുര്യോധനനെ അവതരിപ്പിച്ചുകൊണ്ട് പുനീത് ഇസ്സാർ വന്പൻ തിരിച്ചു വരവു നടത്തി. ഭീമനാകാനാണ് പുനീത് ആഗ്രഹിച്ചിരുന്നതെങ്കിലും ദുര്യോധന വേഷം രാജ്യമെങ്ങും പ്രശസ്തമായി. പിന്നീട് മലയാളവും തമിഴും തെലുങ്കുമുൾപ്പെടെ നിരവധി ചിത്രങ്ങളിൽ പുനീത് അഭിനയിച്ചു. പിൻഗാമിയിലും യോദ്ധയിലും മോഹൻലാലിന്റെ വില്ലനായി പുനീത് മലയാളത്തിൽ തിളങ്ങി.
മൻമോഹൻ ദേശായി എന്ന സംവിധായകൻ
കൂലി എന്ന ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രശസ്ത നടനായ കാദർ ഖാനായിരുന്നു. വില്ലന്റെ വെടിയേറ്റ നായകൻ വില്ലനെ കൊന്ന ശേഷം മരിക്കുന്നതായാണ് ചിത്രത്തിന്റെ ക്ലൈമാക്സ് തീരുമാനിച്ചിരുന്നത്. എന്നാൽ ഷൂട്ടിംഗിനിടയിൽ അമിതാഭ് ബച്ചൻ മരണത്തോട് മല്ലടിച്ചത് കഥാഗതി മാറ്റാൻ ദേശായിയെ പ്രേരിപ്പിച്ചു. ജനവികാരം എതിരാകുമോ എന്ന ഭയമായിരുന്നു കാരണം. അങ്ങനെ കാദർഖാന്റെ വെടിയേൽക്കുന്നെങ്കിലും അമിതാഭിന്റെ കഥാപാത്രം രക്ഷപെടുന്നു. ചിത്രത്തിൽ പുനീത് ഇസാറും അമിതാഭും തമ്മിലുള്ള സംഘട്ടനരംഗം ഇടയ്ക്കുവച്ച് കുറച്ചു നിമിഷങ്ങൾ ഫ്രീസ് ചെയ്യുന്നുണ്ട്. പിന്നീട് ദൃശ്യത്തിനു മേൽ ഈ രംഗം ഷൂട്ട് ചെയ്യുന്പോഴാണ് അമിതാഭ് അപകടത്തിൽപ്പെട്ടതെന്ന വാക്കുകൾ തെളിയുന്നു.
വീണ്ടും പുനീത്
എല്ലാം പഴയ കഥകളായി. മൻമോഹൻ ദേശായി മരിക്കുന്നതുവരെ സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്തുകൊണ്ടിരുന്നു. അമിതാഭ് വളരെക്കാലം ഒന്നാം നന്പർ താരമായി വിരാജിച്ചു. എഴുപത്തഞ്ചാം പിറന്നാൾ കാലത്ത് പഴയ അപകടത്തെ താൻ എങ്ങനെ ആത്മവിശ്വാസത്തോടെ നേരിട്ടുവെന്ന് ആരാധകരോട് ട്വിറ്ററിലൂടെ പങ്കുവച്ചു. പുനീത് ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും വില്ലനായി തകർത്തു. പക്ഷെ ആ അപകടത്തിന്റെ നിഴൽ പൂർണമായും മാഞ്ഞിരുന്നില്ല. 2014ൽ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയ മുൻകാല നടി രേഖ മത്സരാർഥികളേയും വേദിയിലുണ്ടായിരുന്ന പ്രമുഖരേയും സൗഹൃദത്തോടെ ആലിംഗനെ ചെയ്തു സ്വീകരിച്ചപ്പോൾ വേദിയിലുണ്ടായിരുന്ന പുനീത് ഇസ്സാറിനെ പൂർണമായി അവഗണിച്ചു. പണ്ട് അറിയാതെ പറ്റിപ്പോയ കൈയബദ്ധത്തിന്റെ ഫലം തന്നെ വിടാതെ പിന്തുടരുന്നുവെന്ന് പുനീത് ആ നിമിഷത്തിൽ തിരിച്ചറിഞ്ഞു.