അമിതാഭ് ബച്ചനും രേഖയും ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു. ഒരുപാട് ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു. പക്ഷെ പിന്നീട് ബച്ചനും രേഖയും അകന്നു. പൊതുവേദികളിൽ പരസ്പരം കണ്ടാൽ പോലും മിണ്ടാതായി. ഇരുവരും തമ്മിൽ പ്രണയമാണെന്ന ഗോസിപ്പുകൾ ചലച്ചിത്രലോകത്ത് വളരെ ശക്തമായി പ്രചരിച്ചതിനുശേഷമാണ് ഇരുവരും അകന്നത്.
രേഖയ്ക്കൊപ്പം അഭിനയിക്കരുതെന്ന് അമിതാഭിനെ ഭാര്യ ജയ ഭാദുരി വിലക്കിയെന്നും അക്കാലത്ത് വാർത്തകളുണ്ടായിരുന്നു. എന്തായാലും ഇരുവരുടേയും അകൽച്ചയ്ക്ക് ഇന്നും മാറ്റമില്ല. പക്ഷെ ഈ പിണക്കം അവസാനിപ്പിക്കാൻ രേഖ തന്നെ മുൻകൈയെടുക്കുകയാണോ എന്ന സംശയത്തിലാണ് ബോളിവുഡ്. അടുത്തിടെ ഒരു മാസികയിൽ രേഖ അമിതാഭ് ബച്ചന്റെ മരുമകൾ ഐശ്വര്യ റായിക്കെഴുതിയ തുറന്ന കത്താണ് ഇത്തരമൊരു സംശയത്തിന് കാരണം.
കത്തിൽ ഐശ്വര്യയെ രേഖ വളരെയധികം പ്രശംസിച്ചിട്ടുണ്ട്. എങ്ങും കെട്ടിനിൽക്കാതെ ലക്ഷ്യത്തിലേക്കൊഴുകുന്ന നദിയാണ് ഐശ്വര്യയെന്നും ധൈര്യമാണ് ഏറ്റവും പ്രധാന ഗുണമെന്ന് ഐശ്വര്യ കാട്ടിത്തന്നെന്നും രേഖ പറയുന്നു.എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഐശ്വര്യ ഉദിച്ചുയർന്നിരിക്കുന്നുവെന്ന് പുകഴ്ത്തുന്ന രേഖ സ്നേഹിച്ചുകൊണ്ടേയിരിക്കൂ എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. പിണക്കം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഈ കത്തെന്നാണ് സിനിമാലോകം കരുതുന്നത്.