ന്യൂഡൽഹി: കറിമസാലയുടെ പരസ്യത്തിൽ അഭിഭാഷക വേഷം അണിഞ്ഞ ബോളീവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന് വക്കീൽ നോട്ടീസ്. ബാർ കൗൺസിൽ ഓഫ് ഡൽഹിയാണ് നോട്ടീസ് അയച്ചത്. ഒപ്പം യൂ ട്യൂബിനും പരസ്യം സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്കും ബാർ കൗൺസിൽ നോട്ടീസ് അയച്ചിട്ടുണ്ട്.
സംഭവത്തിൽ 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസ്. ഡൽഹി ബാർ കൗൺസിലിനു പുറമേ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും എല്ലാ സംസ്ഥാനങ്ങളിലെയും ബാർ കൗൺസിലുകൾക്കും വിശദീകരണം നൽകണമെന്നും നിർദേശമുണ്ട്. ഭാവിയിൽ അഭിഭാഷക വേഷം പരസ്യ ചിത്രീകരണത്തിനായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ ബച്ചനും പരസ്യത്തിന്റെ അണിയറ പ്രവർത്തകരും മാധ്യമങ്ങളുമെല്ലാം നിയമനടപടി നേരിടേണ്ടി വരുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഒരു ജ്വല്ലറിയുടെ പരസ്യത്തിൽ ബാങ്ക് പണമിടപാടു സംബന്ധിച്ച പരാമർശങ്ങളുടെ പേരിലും അമിതാഭ് ബച്ചനെതിരെ വിമർശനമുയർന്നിരുന്നു.