ബാങ്കോക്ക്: ഇന്ത്യന്‍ ബോക്സര്‍ അമിത് പന്‍ഘാല്‍ ഈ വര്‍ഷത്തെ രണ്ടാം സ്വര്‍ണം നേടി. ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് പന്ഘാലിന്റെ സ്വര്‍ണനേട്ടം. വനിതകളില്‍ ഇന്ത്യയുടെ തന്നെ പൂജാ റാണിയും സ്വര്‍ണത്തില്‍ മുത്തമിട്ടു. പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ കൊറിയയുടെ ഇന്കെ കിമിനെ ഏകപക്ഷീയമായി 5-0ന് കീഴടക്കിയാണ് പന്ഗാല് സ്വര്‍ണം നേടിയത്. പന്ഘാലിലൂടെയാണ് ഇന്ത്യ ആദ്യ സ്വര്‍ണം നേടിയതും.
കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിലും ഈ ഫെബ്രുവരിയില്‍ ബള്‍ഗേറിയയില്‍ നടന്ന സ്ട്രാന്‍ഡ്ജ മെമ്മോറിയല്‍ ടൂര്‍ണമെന്റിലും ഇന്ത്യന്‍ താരം സുവര്‍ണനേട്ടം കൈവരിച്ചിരുന്നു. ഈ വര്‍ഷം 49 കിലോ ഗ്രാം വിഭാഗത്തില്‍നിന്ന് 52 കിലോഗ്രാമിലേക്കു മാറിയശേഷം പന്ഘാലിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു.
വനിതകളുടെ 81 കിലോഗ്രാം വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ വാംഗ് ലിനയെ തകര്‍ത്താണ് പൂജ സ്വര്‍ണ നേട്ടം കൈവരിച്ചത്. ടൂര്‍ണമെന്റിലാകെ ഇന്ത്യ 13 മെഡല്‍ നേടി-രണ്ടു സ്വര്‍ണം, നാലു വെള്ളി, ഏഴു വെങ്കലം.
പുരുഷന്മാരുടെ മറ്റ് വിഭാഗങ്ങളില്‍ ദേശീയ ചാമ്പ്യന്‍ ദീപക് സിംഗ് ( 49 കിലോഗ്രാം), കവിന്ദര്‍ ബിഷ്ത് (56 കിലോഗ്രാം), ആശിഷ് കുമാര്‍ (75 കിലോഗ്രാം), വനിതകളില്‍ സിമ്രാന്‍ജിത് കൗര്‍ (64 കിലോഗ്രാം) എന്നിവര്‍ക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
പന്ഘാലിന്റെ ആക്രമണ പഞ്ചിംഗിനു മുന്നില്‍ പിടിച്ചുനില്ക്കാന് കൊറിയന്‍ താരത്തിനായില്ല. മികച്ച പ്രതിരോധത്തിനിടെ ഇന്ത്യന്‍താരം കിമിനെതിരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതിനു മുമ്പ് നടന്ന മത്സരത്തിലാണ് ദീപക് ഉസ്ബക്കിസ്ഥാന്റെ നോഡിര്ജോന് മിര്സാഹമദോവിനോടു തോറ്റത്. ഈ തീരുമാനത്തിനെതിരേ ഇന്ത്യ ബൗട്ട് റിവ്യൂ സിസ്റ്റത്തിനു പരാതി നല്‍കിയിട്ടുണ്ട്.