കണ്ണൂർ: ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന് നാളെ കണ്ണൂരിൽ എത്തുന്ന ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ അമിത്ഷായ്ക്ക് ഒരുക്കുന്നത് കനത്ത സുരക്ഷ. സുരക്ഷ ഒരുക്കുന്നതിനായി സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഇന്ന് ഉച്ചയോടെ കണ്ണൂരിൽ എത്തും. അമിത്ഷായ്ക്ക് സഞ്ചരിക്കാനുള്ള ബുള്ളറ്റ് പ്രൂഫ് കാർ കണ്ണൂർ എആർ ക്യാന്പിലെത്തി.
നാളെ രാവിലെ 10.15ന് വിമാനമാർഗം കണ്ണൂർ എയർപോർട്ടിലെത്തുന്ന അമിത്ഷാ 11നാണ് കണ്ണൂരിലെ ബിജെപി കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്. മട്ടന്നൂരിലെ വിമാനത്താവളത്തിൽ നിന്നും അമിത് ഷായെ താളിക്കാവിലുള്ള ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടന സ്ഥലത്തേക്ക് എത്തിക്കുന്നതിന് മൂന്ന് റൂട്ടുകൾ പോലീസ് തയാറാക്കിയിട്ടുണ്ട്. മൂന്നു റൂട്ടുകളിലും സെയ്ഫ് ഹൗസുകളും തയാറാക്കി.
റൂട്ട് നിശ്ചയിക്കുന്നത് അവസാന നിമിഷം മാത്രമാണ്. എസ്പിജിക്ക് പുറമേ കേരള പോലീസിന്റെ കമാൻഡോ വിഭാഗവും ഉണ്ട്. സായുധ പോലീസിനും പുറമെ നാനൂറോളം പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിക്കും. സുരക്ഷാ കാര്യങ്ങൾ വിലയിരുത്തുന്നതിനായി ഇന്നലെ വൈകുന്നേരം ഏഴിന് ജില്ലാ പോലീസ് മേധാവി ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും കമാൻഡോകളുടെയും യോഗം വിളിച്ച് ചേർത്തിരുന്നു.
കേന്ദ്ര ഇന്റലിജൻസ് ടീം ഇന്നലെ രാത്രിയോടെ കണ്ണൂരിലെത്തി. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരായ പിണറായിയിലെ ഉത്തമൻ, മകൻ രമിത്ത് എന്നിവരുടെ വീട് അമിത്ഷാ സന്ദർശിക്കുന്നുണ്ട്. ഇവരുടെ വീടും പരിസരവും ഇന്നു രാവിലെ മുതൽ സുരക്ഷാവലയത്തിലാണ്.
അമിത്ഷായുടെ സുരക്ഷയുടെ ഭാഗമായി നഗരത്തിലെ ലോഡ്ജുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇന്നലെ രാത്രി മുതൽ പരിശോധന ആരംഭിച്ചു. ഇന്ന് രാത്രി എട്ടിനുശേഷം കണ്ണൂരിലെത്തുന്ന വാഹനങ്ങളെയും വ്യക്തികളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
ആവശ്യങ്ങൾക്കല്ലാതെ നഗരത്തിലെത്തുന്നവരുടെ വിശദവിവരങ്ങൾ പരിശോധിച്ച് അതാത് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഉറപ്പുവരുത്തും. കണ്ണൂരിന്റെ അതിർത്തികളിലും പോലീസ് പരിശോധന ശക്തമാക്കി. അടിയന്തര ഘട്ടങ്ങളുണ്ടായാൽ അമിത്ഷായെ താമസിപ്പിക്കാൻ വാരം ഗസ്റ്റ് ഹൗസും പയ്യാന്പലത്തെ ഗസ്റ്റ് ഹൗസും പോലീസ് സജ്ജമാക്കിയിട്ടുണ്ട്.
ജില്ലയിലെ പോലീസുകാർക്ക് ഇന്നും നാളെയും അവധി അനുവദിക്കില്ലെന്ന് കാണിച്ച് പോലീസ് മേധാവി സർക്കുലർ ഇറക്കിയിട്ടുണ്ട്. അതേസമയം അമിത്ഷായെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകർ വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിട്ടുള്ളത്.
കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ ഉത്സാവന്തരീക്ഷത്തിൽ സ്വീകരിച്ച് എയർപോർട്ട് ഉദ്ഘാടനമെന്ന രീതിയിൽ ആക്കിതീർക്കാൻ ബിജെപി പ്രവർത്തകർക്ക് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലിറങ്ങുന്ന പാർട്ടി പ്രസിഡന്റിനെ 150ലധികം വാഹനങ്ങളുടെ അകന്പടിയോടെ ഉദ്ഘാടന സ്ഥലത്ത് എത്തിക്കാനാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്.