ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. ബച്ചന്റെ ട്വിറ്റർ ഹാൻഡിലിന്റെ പ്രൊഫൈൽ ചിത്രം അദ്ദേഹത്തിന്റേത് തന്നെ ആയിരുന്നു. എന്നാൽ, ഹാക്ക് ചെയ്തവർ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രമാണ് പ്രൊഫൈലായി നൽകിയത്.
“പാക്കിസ്ഥാനെ സ്നേഹിക്കൂ..’ തുടങ്ങിയ ട്വീറ്റുകളും പേജിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടിരുന്നു. റംസാൻ മാസത്തിൽ ഇന്ത്യ ദയയില്ലാതെ മുസ്ലീം സമുദായത്തിൽപ്പെട്ടവരെ ആക്രമിച്ചുവെന്നും ഇന്ത്യയിലെ മുസ്ലീംങ്ങൾ ഇതിന് പകരം ചോദിക്കാൻ നിയോഗിക്കപ്പെട്ടവരാണെന്നുമായിരുന്നു ഒരു ട്വീറ്റ്.
തുർക്കിഷ് ഫുട്ബോൾ കളിക്കാർക്കെതിരെയുള്ള ഐസ്ലൻഡ് റിപ്പബ്ലിക്കിന്റെ മോശം പെരുമാറ്റത്തിനെതിരെയുള്ള പ്രതിഷേധമാണിതെന്നും വലിയ സൈബർ ആക്രമണത്തിന്റെ തുടക്കമാണിതെന്നും മറ്റൊരു ട്വീറ്റിൽ രേഖപ്പെടുത്തിയിരുന്നു. ഐൽദിസ് തിം തുർക്കിഷ് സൈബർ ആർമിനി എന്നപേരും ചില ട്വീറ്റുകൾക്കൊപ്പം ഉപയോഗിച്ചിരുന്നു.
അക്കൗണ്ടിന്റെ കവർ ചിത്രവും ഹാക്കർമാർ മാറ്റി. ഐൽദിസ് തിം എന്ന പേരും ഒപ്പം അവരുടെ ചിഹ്നവും കഴുകന്റെ ചിത്രവുമാണ് കവർ ചിത്രമായി നൽകിയത്. ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസിലായി നിമിഷങ്ങൾക്കകം ബച്ചന്റെ ട്വിറ്റർ ആക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടു. നേരത്തെ, നടൻ ഷാഹിദ് കപൂറിന്റെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
ബച്ചന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. സംഭവത്തേക്കുറിച്ച് ബച്ചനോ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.