ഇന്ത്യന്‍ സിനിമയില്‍ അമിതാഭ് ബച്ചനോളം വലിയ മറ്റൊരു താരമുണ്ടാകില്ല. ഇന്ത്യന്‍ സിനിമയില്‍ ബച്ചന് ബിഗ് ബിയാണ്.
എന്നാല്‍ അമിതാഭ് ബച്ചനും മോശം സമയമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ജൂനിയര്‍ ബച്ചനായ അഭിഷേക് ബച്ചന്. സിനിമകള്‍ പരാജയപ്പെടുകയും ബിസിനസുകള്‍ തകരുകയും ചെയ്ത കാലം.
അവിടെ നിന്നും തിരികെ വന്നാണ് അദ്ദേഹം ഇന്നത്തെ നിലയിലേക്ക് എത്തിയതെന്നായിരുന്നു ജൂനിയര്‍ ബച്ചന്റെ പുതിയ വെളിപ്പെടുത്തലുകള്‍.
തന്റെ പിതാവിനെ ബിസിനസില്‍ സഹായിക്കാനായി കോളജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതിനെ കുറിച്ചും അഭിഷേക് വെളിപ്പെടുത്തി. അഭിഷേകിന്റെ വാക്കുകള്‍ ഇങ്ങനെ…
സത്യം പറയുകയാണെങ്കില്‍ ഞാന്‍ യൂണിവേഴ്സിറ്റി വിട്ടു. ഞാന്‍ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയായിരുന്നു. ലിബറല്‍ ആര്‍ട്ട്സില്‍ മേജര്‍ കഴിഞ്ഞിരുന്നു. പെര്‍ഫോമിംഗ് ആര്‍ട്ട്സിലും മേജര്‍ പൂര്‍ത്തിയാക്കി.
ആ സമയം അച്ഛന് ബുദ്ധിമുട്ടുകയായിരുന്നു. അതോടെ നാട്ടിലേക്ക് മടങ്ങി. അദ്ദേഹം എബിസിഎല്‍ എന്ന സ്ഥാപനം നടത്തുകയായിരുന്നു.
അച്ഛനെ ഏതെങ്കിലും തരത്തില്‍ സഹായിക്കാനുള്ള യോഗ്യത എനിക്കുണ്ടായിരുന്നില്ല. പക്ഷേ ഒരു മകന് എന്ന നിലയില്‍ അച്ഛനൊപ്പം നില്ക്കുക എന്നതും എന്നാലാകും വിധം അദ്ദേഹത്തെ സഹായിക്കുക എന്നതുമായിരുന്നു എന്റെ ചിന്ത.
അങ്ങനെയാണ് നാട്ടിലേക്ക് മടങ്ങുന്നതും അദ്ദേഹത്തോടൊപ്പം കമ്പനിയില്‍ ചേരുന്നതും.
പിന്നീട് പ്രൊഡക്ഷന്‍ ബോയ് ആയി സിനിമയിലേക്ക് എത്തി. ഈ സമയത്തായിരുന്നു അജയ് ദേവ്ഗണിനെ പരിചയപ്പെടുന്നത്. അദ്ദേഹം സിനിമാമേഖലയെക്കുറിച്ച് എല്ലാം പഠിപ്പിച്ചു.
അങ്ങനെയിരിക്കെ ഒരുനാള്‍ അച്ഛന് എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിക്കുകയും കമ്പനിയുടെ അവസ്ഥയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ബിസിനസ് ആകെ പ്രതിസന്ധിയിലാണ്.
പക്ഷെ ഇതിനെ നമ്മള് അതിജീവിക്കുമെന്നും അതിനായി കഷ്ടപ്പെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് യാഷ് ചോപ്രയുമായി അച്ഛന് കൂടിക്കാഴ്ച നടത്തി.
തനിക്ക് ആരും സിനിമകള്‍ തരുന്നില്ല. തന്റെ ചില സിനിമകള്‍ പരാജയപ്പെട്ടതിനാലാണെന്നും അതിനാല്‍ ഒരു സിനിമ തരണമെന്നും അഭ്യര്‍ത്ഥിക്കുകയായിരുന്നു.
പിറ്റേ ദിവസം ആദിത്യ ചോപ്ര വീട്ടിലെത്തി. അന്ന് അദ്ദേഹം ഓഫര്‍ ചെയ്ത ചിത്രമായിരുന്നു മൊഹബത്തേന്. ഇതേസമയം തന്നെ അച്ഛനെ തേടി കോന്‍ ബനേഗ കരോര്‍പതിയുമെത്തി. മൊഹബത്തേന് വന്‍ വിജയമായി മാറി.
കെബിസിയും സൂപ്പര്‍ ഹിറ്റായി മാറി. ഇതോടെ തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് അവസാനിച്ചു- അഭിഷേക് പറയുന്നു.