ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും രേഖയുടെയും പ്രണയം ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. 1980 കാലത്ത് ബി ടൗണിലെ ഏറ്റവും ചര്‍ച്ചയായ പ്രണയവും ഇതായിരുന്നു.
പില്ക്കാലത്ത് രേഖ ഇതേക്കുറിച്ച് നിരവധി തവണ തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അമിതാഭ് അത് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ പരസ്യമായൊരു രഹസ്യമായി അതിന്നും തുടരുന്നു.
നടി ജയ ബച്ചനുമായി വിവാഹിതനായതിന് ശേഷമാണ് രേഖയുമായി അമിതാഭ് അടുക്കുന്നത്.
അദ്ദേഹം വിവാഹിതനായത് കൊണ്ടും ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ടുമാണ് തന്നോടുള്ള ഇഷ്ടം തുറന്ന് പറയാത്തതെന്നാണ് രേഖയുടെ അഭിപ്രായം.
മക്കളെയും കുടുംബത്തെയും സംരക്ഷിക്കാനായി പ്രണയം തുറന്ന് പറയാത്ത അമിതാഭിനോട് തനിക്ക് ബഹുമാനമാണെന്നും രേഖ മുന്‍പു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ജയ ബച്ചന് രേഖയെ അടിച്ച കഥയാണ് വൈറലാവുന്നത്. അക്കാലത്ത് രേഖയില്‍ നിന്നു തന്റെ ഭര്‍ത്താവിനെ മാറ്റി നിര്‍ത്താന്‍ ജയ ബച്ചന് ശ്രമിച്ചിരുന്നു.
ഈ വിഷയം ഒരിക്കല്‍ പോലും മാധ്യമങ്ങള്‍ക്ക് മുന്പിലോ കൂട്ടുകാര്‍ക്ക് മുന്പിലോ പരാതിയായിട്ടോ വിഷമത്തോടെയോ ജയ പറഞ്ഞിട്ടില്ല. അമിതാഭും അങ്ങനെ തന്നെയായിരുന്നു.
എന്നിരുന്നാലും ഒരിക്കല്‍ ജയ ബച്ചന്റെ ക്ഷമ നശിച്ച് അവര്‍ വികാരഭരിതയായി പ്രവര്‍ത്തിച്ച സാഹചര്യം ഉണ്ടായിരുന്നു.
ടിറ്റോ ടോണി നിര്‍മിച്ച റാം ബല്‍റാം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുകയായിരുന്നു അമിതാഭും രേഖയും. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നതിനും ജയ ബച്ചന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ അമിതാഭിന് നായികയായി സീനത്ത് അമാനെ വയ്ക്കണമെന്ന ആവശ്യം നിര്‍മാതാവിനെ ജയ അറിയിച്ചു. തന്നെ മാറ്റാന്‍ തീരുമാനിച്ചതായി അറിഞ്ഞതോടെ രേഖ നിര്‍മാതാവിനെ സമീപിച്ചു.
ടിറ്റോ തന്നെ സഹായിക്കില്ലെന്ന് മനസിലായതോടെ അവര്‍ സംവിധായകന് വിജയ് ആനന്ദിനെ സമീപിപ്പിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.
അക്കാലത്ത് രേഖ ഏറ്റവും ശ്രദ്ധയായ നടിയായിരുന്നു. രേഖയെ പോലൊരാള്‍ സിനിമയ്ക്ക് വേണ്ടി തന്നെ സമീപിച്ചതോടെ സംവിധായകന് അത് നിരസിക്കാനും കഴിഞ്ഞില്ല. അങ്ങനെ സംവിധായകന് നിര്‍മാതാവിനെ പറഞ്ഞ് മനസിലാക്കി.
സിനിമയ്ക്ക് വേണ്ടി പ്രതിഫലം പോലും വാങ്ങില്ലെന്ന് പറഞ്ഞ് വലിയൊരു ഓഫറാണ് രേഖ നിര്‍മാതാവിന് മുന്നില്‍ വെച്ചത്.
ഇതോടെ നിര്‍മാതാവിനും അത് നിരസിക്കാന്‍ പറ്റാതെ വന്നു. അങ്ങനെ രേഖ തന്നെ നായികയായി സിനിമയുടെ ഷൂട്ടിംഗും തുടങ്ങി.
അമിതാഭിന്റെ നായികയായി രേഖ തന്നെ വന്നപ്പോള്‍ സീനത്ത് അമാന്‍ ധര്‍മേന്ദ്രയുടെ നായികയായി. ഇതോടെ ദേഷ്യത്തിലായ ജയ, അമിതാഭിനോട് ആ സിനിമ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം അതിന് വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മാത്രമല്ല ഒരിക്കല്‍ ജയ സിനിമാ സെറ്റിലെത്തിയപ്പോള്‍ രേഖയും അമിതാഭും രഹസ്യമായി ഒന്നിച്ചിരുന്ന് സംസാരിക്കുന്നതാണ് കണ്ടത്.
ആ സമയത്തെ ദേഷ്യം അടക്കാനാവാതെ ഇരുവര്‍ക്കും മുന്നിലെത്തിയ ജയ രേഖയുടെ മുഖത്ത് അടിച്ചു. അവിടെ ഉണ്ടായിരുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പോലും ഞെട്ടിപ്പോയ സംഭവമായിരുന്നു ഇത്.
പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാതെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ പോലും കൂട്ടാക്കാതെ അമിതാഭ് ബച്ചന് അവിടെ നിന്നു പോയി എന്നുമാണ് പ്രചരിക്കുന്ന വൈറലായ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. -പിജി