മുംബൈ: അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) മുഖ്യസാന്പത്തികശാസ്ത്രജ്ഞയായ മലയാളി ഗീത ഗോപിനാഥിനെക്കുറിച്ച് ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാബ് ബച്ചൻ നടത്തിയ പരാമർശനത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം.
കോൺ ബനേഗ ക്രോർപതി എന്ന ടെലിവിഷൻ ഷോയ്ക്കിടെയാണ് ബച്ചന്റെ വിവാദപരാമർശം. ഗീതാ ഗോപിനാഥ് ഏതു സംഘടനയുടെ ചീഫ് ഇക്കണോമിസ്റ്റ് ആണ് എന്നായിരുന്നു മത്സരാർഥിയോയുള്ള ചോദ്യം. ഗീതാ ഗോപിനാഥിന്റെ ചിത്രവും നാല് ഓപ്ഷനുകളും ഒപ്പം നൽകിയിരുന്നു.
അവരുടെ ചിത്രം സ്ക്രീനിൽ തെളിഞ്ഞപ്പോൾ ” അവരുടെ മുഖം മനോഹരമായതിനാൽ സാന്പത്തിക രംഗവുമായി ബന്ധപ്പെടുത്തി ആരും ചിന്തിക്കില്ല’എന്നു ബച്ചൻ പറയുകയായിരുന്നു.
ഇതിന്റെ വീഡിയോ ഗീത ഗോപിനാഥ് തന്നെ ട്വിറ്ററിൽ പോസ്റ്റ്ചെയ്തു. പണ്ടുമുതലേ താൻ ബച്ചന്റെ ആരാധികയാണെന്നും ഇതൊരു സ്പെഷൽ ആണെന്നുമായിരുന്നു അവർ പറഞ്ഞത്.
എന്നാൽ ബുദ്ധിയെ സൗന്ദര്യവുമായി കൂട്ടിച്ചേർത്തിന്റെ യുക്തിയെയാണു സമൂഹമാധ്യമങ്ങൾ ചോദ്യംചെയ്തത്. ബച്ചന്റെ തലച്ചോറ് തീരെ ചെറുതായതിനാൽ ബുദ്ധിയുമായി ഒരിക്കലും അതിനെ കൂട്ടിച്ചേർക്കരുതെന്നായിരുന്നു ഒരു പ്രതികരണം. ഇതിനു പിന്നാലെ ബച്ചനെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി.