രജനീകാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് തലൈവർ 170. ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സ്റ്റൈൽ മന്നന്റെ 170-ാമത്തെ ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 33 വർഷങ്ങൾക്കുശേഷമാണ് രണ്ട് സൂപ്പർസ്റ്റാറുകൾ ഒന്നിക്കുന്നത്.
അതിന്റെ സന്തോഷമറിയിച്ചുകൊണ്ട് രജനീകാന്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് രജനീകാന്തിന്റെ പോസ്റ്റ്. 33 വർഷത്തിനു ശേഷം ഇതിഹാസത്തിനൊപ്പം ഒന്നിക്കാനായതിൽ സന്തോഷമുണ്ട് എന്നാണ് സൂപ്പർസ്റ്റാർ കുറിച്ചത്.
33 വർഷത്തിനുശേഷം വീണ്ടും ഞാൻ എന്റെ മാർഗദർശിയും ഇതിഹാസവുമായി അമിതാഭ് ബച്ചനൊപ്പം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ലൈകയുടെ തലൈവർ 170ൽ അഭിനയിക്കുകയാണ്. എന്റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണ്.- എന്നാണ് രജനീകാന്ത് കുറിച്ചത്.
1991ൽ ഹം എന്ന ചിത്രത്തിലാണ് രജനീകാന്തും അമിതാഭ് ബച്ചനും അവസാനമായി ഒരുമിച്ചഭിനയിച്ചത്. പ്രേക്ഷക പ്രശംസ നേടിയ ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. ഫഹദ് ഫാസിൽ, റാണ ദഗുബട്ടി, മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിംഗ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് ആണു സംഗീതം ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി രജനീകാന്ത് കഴിഞ്ഞ ദിവസം തിരവനന്തപുരത്ത് എത്തിയിരുന്നു.