ശരീരഭാരം കുറയ്ക്കാൻ കഴിഞ്ഞ ഏഴുവർഷങ്ങളായി മരുന്നു കഴിച്ച യുവതിക്ക് അമിതഭാരം കുറയ്ക്കാൻ ശസ്ത്രക്രിയ. ചൈനയിലെ യിബിൻ സ്വദേശിനിയായ ഈ യുവതിയുടെ കഥ കേട്ട് തലയിൽ കൈവച്ചിരിക്കുകയാണ് ഏവരും. ഇരുപത്തിയഞ്ചു വയസുകാരിയായ ഇവരുടെ പേര് സിയോലി എന്നാണ്.
നൂറു കിലോ ഭാരമുണ്ടായിരുന്ന സിയോലി ഏഴു വർഷങ്ങൾക്കു മുമ്പാണ് ശരീരഭാരം കുറയ്ക്കുവാനായി ഗുളിക കഴിക്കുവാൻ ആരംഭിച്ചത്. ശരീരത്തിന്റെ ഭാരം കുറഞ്ഞപ്പോൾ സിയോലി ഗുളിക കഴിക്കുന്നതും നിർത്തി. അപ്പോഴാണ് പ്രശ്നം ആരംഭിച്ചത്. ഇവരുടെ ശരീരഭാരം ആദ്യമുണ്ടായിരുന്നതിനേക്കാൾ അമിതമായി വർധിച്ചു.
അമിത വണ്ണം മൂലം വലഞ്ഞ സിയോലി യിബിനിൽ നിന്നും ചെൻഗ്ഡുവിലുള്ള ഒരു ആശുപത്രിയിലേക്കു ചികിത്സയ്ക്കായി പോയി. കഴിഞ്ഞ ഏഴുവർഷങ്ങളായി താൻ വണ്ണം കുറയ്ക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനുവേണ്ടി മാത്രം 30,000 ഡോളർ ചിലവഴിച്ചുവെന്നും സിയോലി ഡോക്ടർമാരോട് പറഞ്ഞു.
ഓണ്‍ലൈനിൽ നിന്ന് അറിഞ്ഞതും സുഹൃത്തുക്കൾ പറഞ്ഞു തന്നതുമായ മരുന്നുകളാണ് ഇവർ കഴിച്ചുകൊണ്ടിരുന്നത്. കൃത്യമായ നിർദേശങ്ങൾ ലഭിക്കാതെ പരസ്യത്തിൽ കാണുന്ന മരുന്നുകൾ കഴിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് തന്റെ അനുഭവമെന്ന് സിയോലി പറഞ്ഞു.
ഭക്ഷണശീലത്തേക്കാളുപരി ഇവർ കഴിച്ച മരുന്നുകളാണ് ശരീരഭാരം വർധിക്കുവാൻ കാരണമായതെന്ന് സിയോലിയെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ശസ്ത്രക്രിയ ഉടൻ തന്നെ നടക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.