ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ പേരിനു മൂന്നാമനെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും പ്രധാന അധികാരകേന്ദ്രവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ കരുത്തു തെളിയിക്കുന്നു.
കേന്ദ്രസർക്കാരിന്റെ എട്ടു മന്ത്രിസഭാ സമിതികളിലും അംഗമായ ഷാ കേന്ദ്രഭരണത്തിലും ബിജെപി ഭരണ സംസ്ഥാന സർക്കാരുകളിലും ബിജെപിയിലും നിർണായക സ്വാധീനമാകും. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഭ്യന്തര മന്ത്രിയായിരുന്ന ഷാ ഇനി കേന്ദ്രഭരണത്തിലും മോദിയുടെ വലംകൈ ആയിരിക്കും.
ബിഹാർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രി മനോജ് സിൻഹയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന സകേത് കുമാറിനെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. 2009 ബാച്ചിലെ ഉദ്യോഗസ്ഥനായ സകേതിന് 2023 ജൂലൈ 29 വരെയാണു നിയമനം. സഹമന്ത്രിമാരിൽ പലരുടെയും ഓഫീസുകളിലെ നിർണായക തസ്തികകളിലും അമിത് ഷായുടെ ഇഷ്ടക്കാരെ നിയമിക്കുകയാണ്.
വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ എം. ഇംഗോകല ജാമിറിനെ തന്നെ വീണ്ടും നിയമിച്ചു. ഇറാനിയുടെ മുൻ സെക്രട്ടറിയായ ഇദ്ദേഹത്തിന് 2020 ജൂലൈ 20 വരെയാണു നിയമനം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ പ്രൈവറ്റ് സെക്രട്ടറിയായി 2005 ബാച്ച് തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ആശിഷ് കുമാറിനെയും നിയമിച്ചു. 2021 ഓഗസ്റ്റ് 27 വരെയാണു നിയമനം.
കേന്ദ്രസർക്കാരിനെയും ബിജെപിയെയും മോദി, ഷാ കൂട്ടുകെട്ട് തന്നെയാകും അടുത്ത വർഷങ്ങളിലും നിയന്ത്രിക്കുക എന്നതു വ്യക്തം. ആഭ്യന്തര വകുപ്പിൽ നിന്ന് മുതിർന്ന നേതാവ് രാജ്നാഥ് സിംഗിനെ പ്രതിരോധ മന്ത്രാലയത്തിലേക്ക് മാറ്റിക്കൊണ്ടു ഷായെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതുതന്നെ വ്യക്തമായ സൂചനയായി. കേന്ദ്രസർക്കാരിന്റെ ഉന്നതാധികാര മന്ത്രിതല സമിതികളിലെല്ലാം ഷായെ ഉൾപ്പെടുത്തിയതും വെറുതെയല്ല.
വെറും രണ്ടു സമിതികളിൽ മാത്രം അംഗമാക്കി ചുരുക്കിയതിൽ രാജ്നാഥ് സിംഗ് പ്രതിഷേധിച്ചപ്പോൾ മാത്രമാണ് അദ്ദേഹത്തിനു നാലു സമിതികളിൽ കൂടി അംഗത്വം നൽകിയത്. അപ്പോഴും ഷാ എല്ലാ സമിതികളിലും ഉണ്ട്. ഫലത്തിൽ മന്ത്രിസഭയിലെ ഒരു മിനി പ്രധാനമന്ത്രിയാണ് അമിത് ഷാ. ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാലും മന്ത്രിസഭയിലും പാർട്ടിയിലും മോദിയും ഷായും തന്നെയാകും മുഖ്യശക്തികൾ.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കൃഷ്ണമേനോൻ മാർഗിലെ വിശാല വസതിയാണ് അമിത് ഷായുടെ ഒൗദ്യോഗിക വസതിയായി മാറ്റുന്നത്. ആഭ്യന്തരം മാറിയാലും രാജ്നാഥ് സിംഗ് അക്ബർ റോഡിലെ വസതിയിൽ തുടരും. ഇപ്പോൾ തന്നെ സെഡ് പ്ലസ് സുരക്ഷയുള്ള അമിത് ഷായ്ക്ക് നാഷണൽ സെക്യൂരിറ്റി ഗാർഡിലെ കരിന്പൂച്ചകളുടെ അധികസുരക്ഷയും ഡൽഹി പോലീസിന്റെ കൂടുതൽ പേരുടെ സുരക്ഷയും ഏർപ്പെടുത്തും. പ്രധാനമന്ത്രിക്കു നൽകുന്ന ബ്ലാക് കമാൻഡോ സുരക്ഷയും ഷായുടെ പുതിയ കരുത്തിന്റെകൂടി പ്രതീകമാകും.
ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതു മുതൽ ദിവസവും രാവിലെ പത്തിനു മുന്പായി തന്നെ അമിത് ഷാ നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തും. ഇതോടെ സഹമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും അടക്കം മന്ത്രാലയത്തിലെ ശിപായി വരെയുള്ളവരും കൊടുംചൂടിനെ പോലും മറന്ന് രാവിലെ തന്നെ ഓഫീസുകളിൽ ഹാജരാണ്.
രാജ്നാഥ് സിംഗ് ഉൾപ്പെടെയുള്ള മിക്ക മന്ത്രിമാരും വീട്ടിൽ പോയി ഉച്ചഭക്ഷണം കഴിച്ചിരുന്ന പതിവിനു വിപരീതമായി അമിത് ഷാ സ്വന്തം ഓഫീസിലേക്കു വരുത്തിയാണ് ഉൗണു കഴിക്കുന്നത്.
വസതി ഒഴിവാക്കി പ്രധാന മീറ്റിംഗുകളെല്ലാം ഓഫീസിൽ തന്നെ നടത്താനും ഷാ നിർദേശിച്ചിട്ടുണ്ട്. ജമ്മു കാഷ്മീർ, മാവോയിസ്റ്റ്, അതിർത്തി പ്രശ്നങ്ങൾ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവ മുതൽ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരെ ഷായുടെ മുൻഗണനാ പട്ടികയിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. ആഭ്യന്തര സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ കർക്കശ നടപടികൾക്കാണു ഷായുടെ തീരുമാനം.
ജൂലൈ ഒന്നിനു തുടങ്ങുന്ന അമർനാഥ് യാത്രയുടെ സുരക്ഷാകാര്യങ്ങൾക്കായി കാഷ്മീരിൽ നേരിട്ടെത്തി സ്ഥിതി വിലയിരുത്തും. പതിനഞ്ചാം തീയതിക്കു മുന്പായി ജമ്മു കാഷ്മീരിലെ സുരക്ഷാ കാര്യങ്ങൾക്കായുള്ള ഉന്നതതല സമിതിയുടെ യോഗത്തിൽ ഷാ അധ്യക്ഷത വഹിക്കുമെന്നും അദ്ദേഹത്തിന്റെ മന്ത്രാലയം അറിയിച്ചു.
ജോർജ് കള്ളിവയലിൽ