തലശേരി: തലശേരി നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി എൻ. ഹരിദാസിന്റെ പത്രിക തള്ളിയതു സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം റിപ്പോർട്ട് തേടി.
കേരളത്തിൽ പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ഒന്നും, ബിജെപി ജില്ലാ പ്രസിഡന്റ് തന്നെ മത്സരിക്കുകയും ചെയ്യുന്ന മണ്ഡലത്തിലെ പത്രിക തള്ളിയത് അതീവഗൗരവത്തോടെയാണ് ബിജെപി കേന്ദ്രനേതൃത്വം നോക്കി ക്കാണുന്നത്.
എൻ. ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ 25 ന് തലശേരിയിൽ എത്താനിരിക്കെയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് പത്രിക തള്ളിപ്പോയത്.
പത്രിക തള്ളിയതിനെതിരേ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനെ സ്ഥാനാർഥി സമീപിച്ചെങ്കിലും അനുകൂലവിധി ഉണ്ടായിട്ടില്ല.
ഇനി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് തീരുമാനം. ഡിവിഷൻ ബെഞ്ചിൽ നിന്നും അനുകൂല വിധി ഉണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കും.
ഇതിനിടയിൽ കേന്ദ്രമന്ത്രി അമിത്ഷായുടെ തലശേരി പരിപാടി റദ്ദു ചെയ്തതായി അറിയുന്നു. കോടതികളിൽ നിന്നു അനുകൂലവിധിയുണ്ടായാൽ മാത്രമെ അമിത്ഷായുടെ തലശേരി സന്ദർശനം പുനരാലോചിക്കൂവെന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം.
രണ്ടുദിവസത്തിനുള്ളിൽ കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയും ബിജെപി പുലർത്തുന്നുണ്ട്.
അതേ സമയം പത്രിക തള്ളാനിടയാക്കിയ സാഹചര്യം സംബന്ധിച്ച് സംഘപരിവാർ പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിയും അമർഷവുമുണ്ട്.
പാർട്ടിയുടെ പ്രസ്റ്റീജ് മണ്ഡലമായ തലശേരിയിലുണ്ടായ ഈ സാഹചര്യം നേതൃത്വത്തിനെതിരേ തിരിയാൻ അണികളെ പ്രേരിപ്പിച്ചിട്ടുണ്ട്.
കോടതി വിധികൾ അനുകൂലമല്ലെങ്കിൽ ഇനി മനഃസാക്ഷി വോട്ടെന്ന പ്രഖ്യാപനമാണോ ബിജെപി നേതൃത്വത്തിൽ നിന്നുണ്ടാവുക എന്ന ചോദ്യവും അണികൾക്കിയിൽ നിന്നും ഉയരുന്നുണ്ട്.
ഇതിനിടെ സ്വതന്ത്രസ്ഥാനാർഥിയായ സി.ഒ.ടി. നസീറിനെ എൻഡിഎ പിന്തുണയ്ക്കുമെന്ന പ്രചാരണവുമുണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് “ചിന്തിക്കുന്നു’ എന്ന മറുപടിയാണ് സി.ഒ.ടി. നസീർ നൽകിയത്.
സിപിഎമ്മിന്റെ മുൻ പ്രാദേശിക നേതാവും മുൻ മുനിസിപ്പൽ കൗൺസിലറുമായ സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് എൻഡിഎയിലെ ഒരുവിഭാഗം പറയുന്നുണ്ടെങ്കിലും ഇതംഗീകരിക്കാൻ സംഘപരിവാർ പ്രവർത്തകർ തയാറാകുന്നില്ലെന്നാണു റിപ്പോർട്ട്.
മനഃസാക്ഷി വോട്ട് പ്രഖ്യാപിച്ചാൽ ആർക്ക് വോട്ട് ലഭിക്കുമെന്നതും ചർച്ചയാകുന്നുണ്ട്.
തലശേരിയിൽ ഏത് മുന്നണി സ്ഥാനാർഥി ജയിച്ചാലും ബിജെപിയുടെ വോട്ട് സംബന്ധിച്ച കാര്യങ്ങൾ രാഷ്ട്രീയ കേരളത്തിൽ ചർച്ചയായി മാറുമെന്നതിൽ സംശയമില്ല.
ഇപ്പോൾ തന്നെ ബിജെപി ബന്ധം സംബന്ധിച്ചുള്ള ആരോപണങ്ങളുമായാണ് മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും പ്രചാരണം നടത്തുന്നത്.