ന്യൂഡൽഹി: കനയ്യകുമാറിനെ പോലുള്ള രാജ്യദ്രോഹികളെ വിജയിപ്പിക്കരുതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ബിഹാറിലെ ബേഗുസരായിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനായി വോട്ടഭ്യർഥിക്കവെയായിരുന്നു അമിത് ഷായുടെ പരാമർശം.
രാംദാരി സിംഗ് ദിനകറിനെ പോലുള്ള മഹാകവികളുടെ നാടാണ് ബേഗുസരായിയെന്നും അവിടെ കനയ്യ പോലുള്ളവർക്കു വഞ്ചകർക്കു സ്ഥാനമില്ലെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നവർ ഒരിക്കലും ബിഹാറിൽനിന്നു വിജയിക്കാൻ പാടില്ലെന്നും അമിത് ഷാ പറഞ്ഞു.
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിലൊന്നാണ് ബേഗുസരായിയിലേത്. ബിജെപി സ്ഥാനാർഥിയായ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്, ജഐൻയു വിദ്യാർഥി യൂണിയൻ മുൻ നേതാവ് കനയ്യകുമാറാണ് എതിർ സ്ഥാനാർഥി. ഇടതുസഖ്യത്തിന്റെ സംയുക്ത സ്ഥാനാർഥിയാണ് കനയ്യ. ആർജെഡി നേതാവ് തൻവിർ ഹുസൈൻ കൂടി മത്സരിക്കുന്നതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.
ബേഗുസാരായിൽ കനയ്യകുമാറിനെതിരെ മത്സരിക്കാനില്ലെന്ന് ഗിരിരാജ് സിംഗ് സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു പിന്നാലെ തുറന്നടിച്ചിരുന്നു. മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥിയായ കനയ്യയെ പിന്തുണക്കാമെന്ന് ആർജെഡി നേരത്തെ പറഞ്ഞിരുന്നങ്കിലും പിന്നീട് പിൻവാങ്ങുകയായിരുന്നു.