സ്വന്തം ലേഖകന്‍
കോഴിക്കോട് : സൂപ്പര്‍ സ്റ്റാറുള്പ്പെടെയുള്ളവരുടെ പേരുകളോടെ തയാറാക്കുന്ന ബിജെപി സ്ഥാനാര്‍ഥി പട്ടിക ഏഴിന് കേന്ദ്രമന്ത്രി അമിത്ഷായ്ക്ക് മുന്നിലെത്തും.
വിജയയാത്രയുടെ സമാനചടങ്ങിന് എത്തുന്ന അമിത്ഷായ്ക്ക് മുന്നില്‍ ആദ്യം സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
ഏഴിന് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും കോര്‍കമ്മിറ്റി യോഗവും ചേരുന്നുണ്ട്. കോര്‍കമ്മിറ്റിയില്‍ അമിത്ഷാ പങ്കെടുക്കും.
ഈ യോഗത്തിലാണ് പട്ടിക സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് സ്ഥാനാര്‍ഥി പട്ടികയില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി തൊട്ടടുത്ത ദിവസം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഡല്‍ഹിയില്‍ എത്തും.
പാര്‍ലമെന്ററി ബോര്‍ഡ് മുമ്പാകെ പട്ടിക സമര്‍പ്പിക്കുകയും അംഗീകാരം നേടുകയും ചെയ്യും. പത്തിനുള്ളില്‍ ഈ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ ജില്ലകളില്‍ നിന്നും കോര്‍കമ്മിറ്റി അംഗം റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുന്നുണ്ട്. ഇതിനായി കേന്ദ്രമന്ത്രി വി.മുരളീധരനുള്പ്പെടെയുള്ളവര്ക്ക് ചുമതല നല്‍കിയിരുന്നു.
കേന്ദ്രമന്ത്രി വി. മുരളീധരന് ( കാസര്‍ഗോഡ്), കുമ്മനം രാജശേഖരന് (കൊല്ലം, എറണാകുളം), പി.കെ. കൃഷ്ണദാസ് (ആലപ്പുഴ, പത്തനംതിട്ട), സി.കെ. പത്മനാഭന് (കോഴിക്കോട്, മലപ്പുറം), എ.എന്‍. രാധാകൃഷ്ണന് (ഇടുക്കി, കോട്ടയം), ജോര്‍ജ് കുര്യന് (പാലക്കാട്, തിരുവനന്തപുരം), സി. കൃഷ്ണകുമാര്‍ (തൃശൂര്‍), പി.സുധീര്‍ (വയനാട്, കണ്ണൂര്‍) എന്നിങ്ങനെയാണ് ചുമതല നല്‍കിയത്.
ഇവര്‍ ഓരോ ജില്ലയിലുമെത്തി പഞ്ചായത്ത്, നഗരസഭ, നിയോജകമണ്ഡലം, ജില്ലാ, മേഖലാ തലങ്ങളിലുള്ള ഭാരവാഹികള്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍, മോര്‍ച്ചകളുടെ മണ്ഡലം, ജില്ലാ, സംസ്ഥാന ഭാരവാഹികള്‍ എന്നിവരുടെ യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളുടെ പേരുകള്‍ എഴുതി വാങ്ങുകയാണ് ചെയ്യുന്നത്.
ഇപ്രകാരം വി.മുരളീധരന് കാസര്‍ഗോഡ് യോഗം ചേര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ചു. സി.കെ.പത്മനാഭനും സംസ്ഥാന വാക്താവ് .വി.ഗോപാലകൃഷ്ണനും ഇന്ന് കോഴിക്കോട് യോഗം ചേരുകയും സ്ഥാനാര്‍ഥികളുടെ പേരുകള്‍ എഴുതി വാങ്ങുകയും ചെയ്യുന്നുണ്ട്.
ഇന്നും നാളെയുമായി എല്ലാ ജില്ലകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ജില്ലകളില്‍ നിര്‍ദേശിച്ച പേരുകളില്‍ നിന്നു സംസ്ഥാന നേതൃത്വം ചുരുക്കപ്പട്ടിക തയാറാക്കി വിവരങ്ങള്‍ കോര്‍കമ്മിറ്റിയില്‍ അവതരിപ്പിക്കും.
തുടര്‍ന്ന് കോര്‍കമ്മിറ്റി അംഗീകാരത്തോടെ സംസ്ഥാനപ്രസിഡന്റ് ഡല്‍ഹിയില്‍ പോയി പാര്‍ലമെന്ററി ബോര്‍ഡ് മുമ്പാകെ പട്ടിക സമര്‍പ്പിക്കും.