ഭുവനേശ്വർ: ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ വാഹനം പശുവിനെ ഇടിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പരിഹാസം. ഗോമാതാവിനെ ഇടിച്ച അമിത്ഷായെ എന്തുകൊണ്ടാണ് ഗോരക്ഷകർ വെറുതെ വിട്ടതെന്നാണ് ഒരാളുടെ ചോദ്യം. ഒഡീഷയിൽ ബിജെപി ഭരണമില്ലാത്തതിനാലാണ് അമിത് ഷാ രക്ഷപ്പെട്ടതെന്ന് മറ്റൊരാൾ ട്വിറ്ററിൽ കുറിച്ചു.
ബുധനാഴ്ചയാണ് ഒഡീഷയിലെ ജാജ്പുരിൽ വച്ച് അമിത് ഷായുടെ വാഹനം പശുവിനെ നടുറോഡിൽ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചുപോയത്. റോഡു മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബന്ദാലോ ദേശീയപാതയിൽ വെച്ച് പശുവിനെ കാറിടിച്ചത്. വിഐപി. സ്റ്റിക്കർ പതിച്ച കാറിന് കേടുപാടു സംഭവിച്ചെങ്കിലും അത് നിർത്താതെ പോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അമിത് ഷായുടെ വാഹനത്തിന് അകന്പടിയായി വന്ന മുതിർന്ന ബിജെപി നേതാവ് പ്രതാപ് സാരംഗിയുടെ വാഹനം നിർത്തി ജാജ്പുർ കളക്ടറോട് പശുവിന് വേണ്ട ശുശ്രൂഷകൾ നൽകാൻ നിർദേശിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലത്തെത്തിയ വെറ്ററിനറി ഡോക്ടർ ചികിത്സ നടത്തി.