ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പുതിയ നരേന്ദ്രമോദി മന്ത്രിസഭയിൽ രണ്ടാമനായി വന്നേക്കുമെന്ന് വാർത്തകൾ വരുന്പോൾ തന്നെ പുതിയ ദേശീയ അധ്യക്ഷനെക്കുറിച്ചും ചർച്ചകൾ മുറുകുന്നു. 2019 ജനുവരിയിൽ അമിത് ഷായുടെ അധ്യക്ഷ സ്ഥാനത്തുള്ള കാലാവധി കഴിഞ്ഞതാണ്. പൊതുതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അധ്യക്ഷ സ്ഥാനത്ത് തുടരാൻ തീരുമാനിക്കുകയായിരുന്നു. പുതിയ അധ്യക്ഷനെക്കുറിച്ചുള്ള ചർച്ചകൾ അനൗദ്യോഗികമായി ബിജെപിയിലും ആർഎസ്എസിലും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മോദി മന്ത്രിസഭയിലെ ശക്തയായ പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ പേരാണ് പ്രധാനമായും പ്രസിഡന്റ് സ്ഥാ നത്തേക്ക് പറഞ്ഞു കേൾക്കുന്നത്. നിർമല സീതാരാമന് കൈ കാര്യം ചെയ്ത പ്രതിരോധ വകുപ്പ് അമിത് ഷായ്ക്കു നൽകിയേ ക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത മുതിർന്ന നേതാവ് രാജ്നാഥ് സിംഗ് വീണ്ടും ആഭ്യന്തരമന്ത്രിയാകാനാണ് കൂടുതൽ സാധ്യത.
ആരോഗ്യ പ്രശ്നങ്ങൾ മൂലം ധനമന്ത്രി അരുണ് ജയ്റ്റ്ലി പുതിയ സർക്കാരിലുണ്ടാവില്ലെന്നുറപ്പാണ്. പകരം പിയൂഷ് ഗോയൽ ധനമന്ത്രിയായേക്കും. പ്രധാനപ്പെട്ട വകുപ്പു കളെല്ലാം ബിജെപി തന്നെ കൈകാര്യം ചെയ്യും. അമിത് ഷാ മന്ത്രിസഭയിലെത്തുന്നത് രണ്ടാമൻ എന്ന പദവിയോടെയാവും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും മാറ്റമുണ്ടാകാനിടയില്ല.
എന്നാൽ, സുഷമയുടെ ആരോഗ്യസ്ഥിതി അത്ര മെച്ചമല്ലെന്നു കണ്ടാൽ നിർമല വിദേശകാര്യമന്ത്രിയാകാനും സാധ്യത യുണ്ട്. രവിശങ്കർ പ്രസാദിനു വകുപ്പു മാറ്റമുണ്ടായേക്കും. നിയമ മന്ത്രിയെന്ന നിലയിൽ പ്രസാദിന്റെ പ്രവർത്തനം ശരിയായില്ലെന്നു വിമർശനമുണ്ടായിരുന്നു. സ്മൃതി ഇറാനിക്ക് പ്രധാന വകുപ്പ് കിട്ടിയേക്കും.
കേരളത്തിൽനിന്ന് വി. മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. മോദിയും സഖ്യകക്ഷികളിൽ നിന്നുള്ള പ്രധാനപ്പെട്ടവരും സുപ്രധാന വകുപ്പുകളിൽ എത്തുന്നവരും മാത്രമാകും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക.